കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ ക്രിക്കറ്റില്‍ ബംഗാളിനെതിരായ മത്സരത്തില്‍ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. ആദ്യ ദിനം ബംഗാളിനെ 147 റണ്‍സിന് പുറത്താക്കിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ജലജ് സക്‌സേനയാണ് കേരള ഇന്നിങ്‌സിന്റെ നെടുംതൂണ്‍. 143 റണ്‍സെടുത്ത സക്‌സേനയ്‌ക്കൊപ്പം നാലു റണ്‍സുമായി അക്ഷയ് ചന്ദ്രനാണ് ക്രീസില്‍. കേരളത്തിനിപ്പോള്‍ 105 റണ്‍സിന്റെ ലീഡായി. 

സംഞ്ജു സാംസണ്‍ (0) ഇത്തവണയും നിരാശപ്പെടുത്തി. രോഹന്‍ പ്രേം (18), സച്ചിന്‍ ബേബി (23), സല്‍മാന്‍ നിസാര്‍ (5), ജഗദീഷ് (39) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ഇന്ന് നഷ്ടമായത്. ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയാണ് ബംഗാളിനായി തിളങ്ങിയത്. ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. അശോക് ദിന്‍ഡയും മുകേഷ് കുമാറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഒന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയിലാണ് കേരളം ഇന്നിങ്സ് അവസാനിപ്പിച്ചത്. അരുണ്‍ കാര്‍ത്തിക്കിന്റെ (1) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 

നേരത്തെ നാലു വിക്കറ്റെടുത്ത ബേസില്‍ തമ്പിയും മൂന്നു വിക്കറ്റെടുത്ത എം.ഡി നിധീഷുമാണ് ബംഗാളിനെ ആദ്യ ഇന്നിങ്സില്‍ തകര്‍ത്തത്. അര്‍ധ സെഞ്ചുറി നേടിയ (53) അനുസ്തൂപ് മജൂംദാറും 40 റണ്‍സെടുത്ത അഭിഷേക് കുമാര്‍ രാമനും മാത്രമാണ് ബംഗാള്‍ ബാറ്റിങ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. 

രണ്ടു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് എ ആന്റ് ബിയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. ഒമ്പത് പോയിന്റ് വീതമുള്ള സൗരാഷ്ട്രയും ഗുജറാത്തുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

Content Highlights: ranji trophy kerala take first innings lead against bengal