തിരുവനന്തപുരം: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഒന്നാമിന്നിങ്‌സ് ലീഡ്.

219 എന്ന കേരളത്തിന്റെ സ്‌കോര്‍ പിന്തുടര്‍ന്ന ജമ്മു കശ്മീര്‍ ഒന്നാമിന്നിങ്‌സില്‍ അറുപത്തിരണ്ട് ഓവറില്‍ 173 റണ്‍സിന് ഓള്‍ഔട്ടായി.

കേരള ബൗളര്‍മാരായ അക്ഷയ്, ജലജ് സക്‌സേന, സിജോമോന്‍ ജോസഫ് എന്നിവരുടെ കിടയറ്റ ബൗളിങ്ങാണ് കേരളത്തിന് മേല്‍ക്കൈ നല്‍കിയത്. അക്ഷയ് നാലും ജലജും സിജോമോനും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.

ജമ്മു കശ്മീര്‍ നിരയില്‍ ആര്‍ക്കും അര്‍ധസെഞ്ചുറി തികയ്ക്കാനായില്ല. 84 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത സുഭാം ഖജൂറിയയാണ് ടോപ് സ്‌കോറര്‍. ബന്ദീപ് സിങ് 39 ഉം ഓപ്പണര്‍ അഹമദ് ഒമര്‍ ബാന്‍ഡെ 35 ഉം റണ്‍സെടുത്തു.

46 റണ്‍സിന്റെ ഒന്നാമിങ്‌സ് ലീഡ് നേടിയ കേരളം രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെടുത്തുനില്‍ക്കുകയാണ്. 20 റണ്‍സെടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. പതിനാറ് റണ്‍സെടുത്ത ജലജ് സക്‌സേനയും ആറു റണ്‍സെടുത്ത രോഹന്‍ പ്രേമുമാണ് ക്രീസില്‍.

Content Highlights: Ranji Trophy, Kerala-Jammu Kashmir Ranji Trophy Cricket, kerala cricket, mathrubhumi, sports news