ഷിംല: കേരളം-ഹിമാചല്‍ പ്രദേശ് രഞ്ജി ട്രോഫി ക്രിക്കറ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ 297 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയിലാണ്. വിജയത്തിലേക്ക് കേരളത്തിന് ഇനി 99 റണ്‍സ് കൂടി മതി. 

92 റണ്‍സുമായി വിനൂപ് മനോഹരനും 57 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. പി. രാഹുല്‍ (14), സിജോമോന്‍ ജോസഫ് (23) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സഞ്ജു സാംസണ്‍, വി.എ ജഗദീഷ്, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ ബാറ്റിങ്ങിന് ഇറങ്ങാനിരിക്കെ വിജയ പ്രതീക്ഷയിലാണ് കേരളം. 

297 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം തുടക്കം മുതല്‍ ആക്രമിക്കുകയായിരുന്നു. വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വിനൂപും സച്ചിനും റണ്‍നിരക്ക് താഴാതെ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോവുകയാണ്.

രഞ്ജി സീസണില്‍ കേരളത്തിന്റെ അവസാന മത്സരമാണിത്. നോക്കൗട്ടില്‍ കടക്കണമെങ്കില്‍ കേരളത്തിന് വലിയ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്.

നേരത്തെ ആദ്യ ഇന്നിങ്‌സ് ലീഡ് നേടാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തിയിരുന്നു. ഹിമാചലിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 297-ന് എതിരേ ആറു വിക്കറ്റിന് 268 റണ്‍സെന്ന നിലയില്‍ നിന്ന് ഒന്നാം ഇന്നിങ്സില്‍ കേരളം 286 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 18 റണ്‍സിനിടെയാണ് കേരളം അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്.

Content Highlights: ranji trophy Kerala hopes victory match into a thriller finish