തിരുവനന്തപുരം: രഞ്ജി ട്രോഫി ഏലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ഡല്‍ഹിയെ ഇന്നിങ്‌സിനും 27 റണ്‍സിനും പരാജയപ്പെടുത്തി കേരളം. ആദ്യ ഇന്നിങ്‌സില്‍ ഡല്‍ഹിയെ 139 റണ്‍സിന് പുറത്താക്കിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ അവരെ 154 റണ്‍സിന് കൂടാരം കയറ്റി. 

മൂന്നു വിക്കറ്റ് വീതമെടുത്ത സന്ദീപ് വാര്യറും ജലജ് സക്‌സേനയുമാണ് കേരളത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ബേസില്‍ തമ്പിയും സിജോമോന്‍ ജോസഫും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Ranji trophy

തുടര്‍ച്ചയായ തോല്‍വികള്‍ക്കു ശേഷമാണ് കേരരളത്തിന്റെ വിജയം. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 320-ന് എതിരേ ആദ്യ ഇന്നിങ്‌സില്‍ ഡല്‍ഹി 139-ന് പുറത്തായിരുന്നു. ഫോളോ ഓണ്‍ വഴങ്ങിയ ഡല്‍ഹിക്ക് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിട്ടു.

വിക്കറ്റ് കീപ്പര്‍ അനുജ് റാവത്ത് (31), ശിവം ശര്‍മ (33), സുബോധ് ഭാട്ടി (30) എന്നിവര്‍ മാത്രമാണ് ഡല്‍ഹിക്കായി രണ്ടാം ഇന്നിങ്‌സില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 

Ranji trophy

ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് ഡല്‍ഹിയെ തകര്‍ത്തത്. ആദ്യ ഇന്നിങ്സില്‍ 68 റണ്‍സെടുത്ത സക്സേന രണ്ട് ഇന്നിങ്സിലുമായി ഡല്‍ഹിയുടെ ഒമ്പത് വിക്കറ്റുകളും വീഴ്ത്തി.

സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും രണ്ടു തോല്‍വിയും, ഒരു സമനിലയുമുള്ള കേരളം 20 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതാണ് കേരളം. മൊഹാലിയില്‍ പഞ്ചാബിനെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം.

Content Highlights: ranji trophy kerala embarrassed delhi set a big win