തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ആന്ധ്രാ പ്രദേശിനെ ഒമ്പതു വിക്കറ്റിനു തകര്‍ത്ത് കേരളം.

നാലാം ദിനം വിജയ ലക്ഷ്യമായ 43 റണ്‍സ് കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ജലജ് സക്സേനയും (19) രോഹന്‍ പ്രേമുമാണ് (8) ടീമിനെ വിജയത്തിലെത്തിച്ചത്. 16 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തികാണ് പുറത്തായത്. 

ആദ്യ ഇന്നിങ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്സില്‍ എട്ടു വിക്കറ്റുമെടുത്ത ജലജ് സക്സേനയുടെ ഓള്‍റൗണ്ട് മികവാണ് കേരളത്തിന് വിജയമൊരുക്കിയത്. സക്സേന തന്നെയാണ് കളിയിലെ താരവും. ഈ രഞ്ജി സീസണിലെ കേരളത്തിന്റെ ആദ്യ ജയമാണിത്. ഗ്രൂപ്പ് ബിയില്‍ ഇരുടീമുകളുടെയും രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യമത്സരത്തില്‍ ഹൈദരാബദിനെതിരേ കേരളം നന്നായി തുടങ്ങിയെങ്കിലും മഴയായതിനാല്‍ കളി സമനിലയിലാകുകയായിരുന്നു.

ranji trophy kerala beat andhra pradesh for 9 wickets

ആദ്യ ഇന്നിങ്‌സില്‍ കേരളം, ആന്ധ്രയെ 254 റണ്‍സിന് പുറത്താക്കിയിരുന്നു. റിക്കി ഭൂയിയുടെ സെഞ്ചുറിയാണ് (109) സന്ദര്‍ശകരെ 254-ല്‍ എത്തിച്ചത്. നാലു വിക്കറ്റെടുത്ത കെ.സി അക്ഷയും മൂന്നു വിക്കറ്റ് പിഴുത ബേസില്‍ തമ്പിയുമാണ് ആദ്യ ഇന്നിങ്‌സില്‍ ആന്ധ്രയെ തകര്‍ത്തത്. 

മറുപടി ബാറ്റിങില്‍ ജലജ് സക്സേനയുടെ (133) സെഞ്ചുറി മികവില്‍ കേരളം ഒന്നാം ഇന്നിങ്‌സില്‍ 328 റണ്‍സെടുത്ത കേരളം 74 റണ്‍സിന്റെ ലീഡ് നേടി. അരുണ്‍ കാര്‍ത്തിക്ക് (56), രോഹന്‍ പ്രേം (47) എന്നിവരും കേരള സ്‌കോറിലേക്ക് സംഭാവനകള്‍ നല്‍കി.

ranji trophy kerala beat andhra pradesh for 9 wickets

രണ്ടാം ഇന്നിങ്‌സില്‍ എട്ടു വിക്കറ്റെടുത്ത ജലജ് സക്സേനയുടെ മികവില്‍ രണ്ടാം ഇന്നിങ്‌സില്‍ ആന്ധ്രയെ കേരളം 115 റണ്‍സിന് ചുരുട്ടിക്കൂട്ടുകയായിരുന്നു. ആദ്യ ഇന്നിങ്സിലെ സെഞ്ചുറി വീരന്‍ റിക്കി ഭൂയിക്കൊഴികെ (32) മറ്റാര്‍ക്കും 20 റണ്‍സ് പോലും കടക്കാനായില്ല.

Content Highlights: ranji trophy kerala beat andhra pradesh for 9 wickets