തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരേ കേരളം ഭേദപ്പെട്ട നിലയില്‍. ഒന്നാംദിനം കളിയവസാനിക്കുമ്പോള്‍ കേരളം ഏഴുവിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തു.
ടോസ് ജയിച്ച കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, അത്ര മികച്ച തുടക്കമല്ല ആതിഥേയര്‍ക്ക് ലഭിച്ചത്. വി.എ. ജഗദീഷ് (0), അരങ്ങേറ്റക്കാരന്‍ വത്സല്‍ ഗോവിന്ദ് (4), സച്ചിന്‍ ബേബി (0), സഞ്ജു സാംസണ്‍ (24), വിഷ്ണു വിനോദ് (24) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് വേഗത്തില്‍ നഷ്ടമായി. വിക്കറ്റുകള്‍ ഒരുഭാഗത്ത് വീണപ്പോഴും ഓപ്പണര്‍ പി. രാഹുല്‍ (77) പിടിച്ചുനിന്നു.
പുറത്താവാതെ നില്‍ക്കുന്ന വിനൂപ് മനോഹരന്‍ (77*), ജലജ് സക്‌സേന (68) എന്നിവരുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 131 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സക്‌സേനയുടെ വിക്കറ്റ് വീണയുടനെ ആദ്യദിനത്തെ മത്സരം അവസാനിപ്പിച്ചു. ഡല്‍ഹിക്കായി ശിവം ശര്‍മ നാലുവിക്കറ്റെടുത്തു. ആകാശ് സുധാന്‍, വികാസ് മിശ്ര, ശിവാങ്ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ അക്കൗണ്ട് തുറക്കും മുന്‍പേ വി.എ ജഗദീഷിനെ കേരളത്തിന് നഷ്ടമായി. ആകാശ് സുദനാണ് വിക്കറ്റ്. പിന്നാലെ രഞ്ജി അരങ്ങേറ്റത്തിനെത്തിയ അണ്ടര്‍ 19 ക്യാപ്റ്റന്‍ വത്സന്‍ ഗോവിന്ദിനെ വികാസ് മിശ്രയും പുറത്താക്കി. അണ്ടര്‍ 19 കേരള ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനാണ് വത്സനെ ടീമിലെത്തിച്ചത്. എന്നാല്‍ അരങ്ങേറ്റത്തില്‍ തിളങ്ങാന്‍ വത്സനായില്ല.
പിന്നാലെ നല്ല തുടക്കം ലഭിച്ച സഞ്ജു ഇത്തവണയും നിരാശപ്പെടുത്തി. രാഹുലുമൊത്ത് മൂന്നാം വിക്കറ്റില്‍ 61 റണ്‍സ് ചേര്‍ത്ത ശേഷമാണ് സഞ്ജു പുറത്താകുന്നത്.
Content Highlights: ranji trophy kerala against delhi