വിശാഖപട്ടണം: കരുത്തരായ താരങ്ങളെ അണിനിരത്തിയ മുന്‍ചാമ്പ്യന്മാരായ കര്‍ണാടകത്തെ ഏഴു വിക്കറ്റിന് തകര്‍ത്ത് തമിഴ്നാട് രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ പേസ് ബൗളര്‍മാരെ നന്നായി തുണച്ച പിച്ചില്‍ രണ്ടു ദിവസം കൊണ്ട് തമിഴ്‌നാട് കര്‍ണാടകയുടെ വെല്ലുവിളി അവസാനിപ്പിക്കുകയായിരുന്നു.

ആദ്യ ദിവസം പതിന്നാലും രണ്ടാംദിവസം പത്തൊമ്പതും വിക്കറ്റുകള്‍ വീണ മത്സരത്തില്‍ തമിഴ്നാടിനെതിരെ ചെറുത്ത് നില്‍ക്കാന്‍ കര്‍ണാടകത്തിനായില്ല. 87 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ തമിഴ്നാട് രണ്ടാംദിവസം 19.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയതീരമണഞ്ഞു. ഒന്നാമിന്നിങ്സില്‍ ആറെണ്ണമടക്കം മൊത്തം ഏഴു വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ്ബൗളര്‍ അശ്വിന്‍ ക്രിസ്റ്റാണ് കളിയിലെ കേമന്‍. സ്‌കോര്‍: കര്‍ണാടക 88, 150; തമിഴ്നാട് 152, 3ന് 87.

ഓപ്പണര്‍ ലോകേഷ് രാഹുല്‍ 77 റണ്‍സ് നേടിയിട്ടും കര്‍ണാടകയുടെ രണ്ടാമിന്നിങ്സ് 152 റണ്‍സില്‍ ഒതുങ്ങി. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി ചരിത്രം സൃഷ്ടിച്ച മലയാളി താരം കരുണ്‍ നായരടക്കം മികച്ച താരങ്ങളുണ്ടായിട്ടും കര്‍ണാടകയുടെ ബാറ്റിങ് നിര തമിഴ്നാടിന്റെ പേസ് ബൗളിങ്ങിനു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. കരുണിനു പുറമേ രാഹുല്‍, മനീഷ് പാണ്ഡെ, സ്റ്റുവര്‍ട്ട് ബിന്നി, സി.എം. ഗൗതം, വിനയ്കുമാര്‍ എന്നീ പ്രമുഖരും കര്‍ണാടകയ്ക്കായി കളിച്ചു. വയറുവേദന കാരണം രണ്ടാമിന്നിങ്സില്‍ എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ കരുണ്‍ 12 റണ്‍സെടുത്ത് പുറത്തായി.

അശ്വിന്‍ ക്രിസ്റ്റും ടി. നടരാജനും കെ. വിഘ്നേഷുമടങ്ങുന്ന പേസ്നിര കര്‍ണാടക ബാറ്റ്സ്മാന്മാരെ തൂത്തെറിയുകയായിരുന്നു. മൂന്നുപേരും ചേര്‍ന്ന് 18 വിക്കറ്റ് വീഴ്ത്തി. ബാക്കി രണ്ടുപേര്‍ റണ്ണൗട്ടാവുകയായിരുന്നു. മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ കെ. ബാലാജി പരിശീലിപ്പിച്ച തമിഴ്നാട് പേസ് ആക്രമണനിര വര്‍ധിത വീര്യത്തോടെ പന്തെറിഞ്ഞപ്പോള്‍ കര്‍ണാടക ബാറ്റ്സ്മാന്മാര്‍ക്ക് മറുപടിയുണ്ടായില്ല. ഇടംകൈയന്‍ ഫാസ്റ്റ്ബൗളര്‍ നടരാജന്‍ രണ്ടിന്നിങ്സിലും മൂന്നു വിക്കറ്റുവീതം വീഴ്ത്തി. രണ്ടാമിന്നിങ്സില്‍ നാലു വിക്കറ്റെടുത്ത വിഘ്നേഷ് ആകെ അഞ്ചു വിക്കറ്റു സ്വന്തമാക്കി.

2013-'14, 2014-'15 സീസണുകളില്‍ ചാമ്പ്യന്മാരായ കര്‍ണാടകം 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് തമിഴ്നാടിനോട് തോല്‍വി ഏറ്റുവാങ്ങുന്നത്. 2003-'04 സീസണിലാണ് അവസാനമായി തോറ്റത്.