Photo: AFP
ഇന്ദോര്‍: 2021 ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന ഇന്ത്യയുടെ ടെസ്റ്റ് മത്സരം ഓര്‍മയില്ലേ. നാലാം ഇന്നിങ്‌സില്‍ ഓസീസ് ഉയര്‍ത്തിയ 400-ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വിജയത്തോളം പോന്ന സമനില നേടിക്കൊടുത്ത ഹനുമ വിഹാരി - ആര്‍. അശ്വിന്‍ കൂട്ടുകെട്ട് മറക്കുന്നതെങ്ങിനെ. അന്ന് 43 ഓവറുകളോളമാണ് ഈ സഖ്യം പിടിച്ചുനിന്നത്.
അന്നത്തെ ആ സിഡ്‌നി ടെസ്റ്റ് കഴിഞ്ഞ് രണ്ട് വര്‍ഷമാകുമ്പോള്‍ കളിക്കളത്തില്‍ ഒരിക്കല്‍ കൂടി നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിരിക്കുകയാണ് വിഹാരി. രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ പന്ത് തട്ടി കൈത്തണ്ടയ്ക്ക് പൊട്ടലേറ്റിട്ടും പിന്നീട് ബാറ്റിങ്ങിനെത്തി ഇടംകൈയനായി ബാറ്റിങ് തുടര്‍ന്നാണ് വിഹാരി ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ആന്ധ്രയും മധ്യപ്രദേശും തമ്മില്‍ ഇന്ദോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന രഞ്ജി ക്വാര്‍ട്ടര്‍ ഫൈനലിനിടെയായിരുന്നു ഇത്. മത്സരത്തിന്റെ ഒന്നാം ദിനമായ ചൊവ്വാഴ്ച ബാറ്റിങ്ങിനിടെ ആവേശ് ഖാന്‍ എറിഞ്ഞ ബൗണ്‍സര്‍ തട്ടി വിഹാരിയുടെ ഇടത് കൈത്തണ്ടയ്ക്ക് പരിക്കേറ്റിരുന്നു. കടുത്ത വേദന അനുഭവപ്പെട്ട താരം ബാറ്റിങ് പൂര്‍ത്തിയാക്കാതെ മടങ്ങി. ഈ സമയം 37 പന്തില്‍ നിന്ന് 16 റണ്‍സാണ് വിഹാരി നേടിയിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താരത്തിന്റെ കൈത്തണ്ടയ്ക്ക് പൊട്ടലുള്ളതായി കണ്ടെത്തുകയായിരുന്നു. പരിക്ക് ഭേദമാകാന്‍ ടീം ഡോക്ടര്‍ ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ രണ്ടാം ദിനം ബുധനാഴ്ച ആന്ധ്രയുടെ ഒമ്പതാം വിക്കറ്റ് വീണതിനു പിന്നാലെ ആന്ധ്രയുടെ ക്യാപ്റ്റന്‍ കൂടിയായ വിഹാരി ബാറ്റിങ്ങിനെത്തുകയായിരുന്നു. എന്നാല്‍ പരിക്ക് കാരണം വലംകൈയന്‍ ബാറ്ററായ വിഹാരി ഇടംകൈയനായാണ് ബാറ്റിങ് തുടര്‍ന്നത്. പൊട്ടലുള്ള കൈയില്‍ ബാന്‍ഡേജ് ചുറ്റി ഒറ്റക്കൈ കൊണ്ടായിരുന്നു താരത്തിന്റെ ബാറ്റിങ്. ഇങ്ങനെ 19 പന്തുകളാണ് താരം നേരിട്ടത്. 19 പന്തില്‍ നിന്നും 11 റണ്‍സും ഇത്തരത്തില്‍ വിഹാരി രണ്ടാം ദിനം സ്വന്തമാക്കി.
ആന്ധ്രയുടെ അവസാന ബാറ്ററായ ലളിത് മോഹനെ കൂട്ടുപിടിച്ച് പത്താം വിക്കറ്റില്‍ 26 റണ്‍സും വിഹാരി കൂട്ടിച്ചേര്‍ത്തു. ഒരു ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ പന്തില്‍ ശരണ്‍ശ് ജെയ്ന്‍, വിഹാരിയെ പുറത്താക്കുകയായിരുന്നു. കടുത്ത വേദന സഹിച്ച് ടീമിനായി കളത്തിലിറങ്ങിയ വിഹാരിയെ ഹീറോയെന്ന് വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.
രണ്ട് വര്‍ഷം മുമ്പ് സിഡ്‌നിയിലും കടുത്ത പേശീവലിവിനെ അതിജീവിച്ചായിരുന്നു ഇന്ത്യയെ രക്ഷിച്ച വിഹാരിയുടെ ഇന്നിങ്‌സ്.
Content Highlights: Ranji Trophy Hanuma Vihari bats with fractured hand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..