നാഗ്പുര്‍: രണ്ടാമിന്നിങ്സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് മികവില്‍ ജാര്‍ഖണ്ഡിനെ പരാജയപ്പെടുത്തി ഗുജറാത്ത് രഞ്ജിട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍. 123 റണ്‍സിനായിരുന്നു ഗുജറാത്തിന്റെ വിജയം. ബുംറയ്ക്കു മുന്നില്‍ ജാര്‍ഖണ്ഡിന്റെ രണ്ടാമിന്നിങ്സ് 111 റണ്‍സില്‍ തകര്‍ന്നടിഞ്ഞു. സ്‌കോര്‍: ഗുജറാത്ത് 390, 252; ജാര്‍ഖണ്ഡ് 408, 111. 

രണ്ടിന്നിങ്സുകളിലായി ഏഴു വിക്കറ്റ് നേടിയ ബുംറയാണ് കളിയിലെ കേമന്‍. 83 വര്‍ഷത്തെ രഞ്ജി ട്രോഫി ചരിത്രത്തില്‍ രണ്ടാം തവണയാണ് ഗുജറാത്ത് ഫൈനലില്‍ കടക്കുന്നത്. 1950-51 സീസണിലായിരുന്നു ആദ്യ ഫൈനല്‍. 

ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ ശേഷമാണ് ഗുജറാത്ത് ജാര്‍ഖണ്ഡില്‍ നിന്ന് മത്സരം പിടിച്ചെടുത്തത്. 234 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ജാര്‍ഖണ്ഡിന് തുടക്കത്തില്‍ത്തന്നെ പിഴച്ചു. ആറു റണ്‍സിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. 

പ്രത്യുഷ് സിങ്ങിനെ (0) ആര്‍.പി. സിങ്ങും സുമിത് കുമാറിനെ (0) ബുംറയും തിരിച്ചയച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ ജാര്‍ഖണ്ഡിന് വിക്കറ്റുകള്‍ നഷ്ടമായി. 24 റണ്‍സെടുത്ത കൗശല്‍ സിങ്ങാണ് ജാര്‍ഖണ്ഡ് നിരയിലെ ടോപ്സ്‌കോറര്‍.

ഇഷന്‍ കിഷന്‍ (19), വികാശ് സിങ് (18), വിരാട് സിങ് (17), സൗരഭ് തിവാരി (17) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്‍മാരുടെ പ്രകടനം. ബുംറയ്ക്കുപുറമേ ആര്‍.പി. സിങ് മൂന്നും ഹര്‍ദിക് പട്ടേല്‍ ഒന്നും വിക്കറ്റ് വീഴ്ത്തി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഷാബാസ് നദീമാണ് ഗുജറാത്തിന്റെ രണ്ടാമിന്നിങ്സ് 252 റണ്‍സിലൊതുക്കിയത്.