നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രക്കെതിരേ വിദര്‍ഭ മികച്ച നിലയില്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിദര്‍ഭ രണ്ടാമിന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയിലാണ്. ഇതുവരെ വിദര്‍ഭയുടെ അക്കൗണ്ടില്‍ 60 റണ്‍സ് ലീഡായി. 

10 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫൈസ് ഫൈസലിന്റെയും 16 റണ്‍സെടുത്ത സഞ്ജയ് രാമസ്വാമിയുടെയും വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ നഷ്ടമായത്. സ്‌കോര്‍: വിദര്‍ഭ-312, 55/2. സൗരാഷ്ട്ര-307.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 158 എന്ന സ്‌കോറില്‍ കളി തുടങ്ങിയ സൗരാഷ്ട്രക്കായി സ്‌നെല്‍ പട്ടേല്‍ സെഞ്ചുറി നേടി. 102 റണ്‍സെടുത്ത പട്ടേല്‍ പുറത്തായശേഷം സൗരാഷ്ട്ര വാലറ്റത്തിന്റെ ധീരമായ ചെറുത്തുനില്‍പ്പ് അവരുടെ സ്‌കോര്‍ 300-ന് മുകളിലെത്തിച്ചു. 

വാലറ്റത്ത് പ്രേരക് മങ്കാദ്(21), മക്വാന(27), ജഡേജ(23), ഉനദ്ഘട്ട്(46), ചേതന്‍ സക്കരിയ(28 നോട്ടൗട്ട്) എന്നിവരാണ് ചെറുത്തുനിന്നത്. ഇതില്‍ അവസാന വിക്കറ്റില്‍ ഉനദ്ഘട്ടും സക്കരിയയും കൂട്ടിച്ചേര്‍ത്ത 60 റണ്‍സായിരുന്നു നിര്‍ണായകം. എന്നാല്‍ സ്‌കോര്‍ 307-ല്‍ നില്‍ക്കെ സൗരാഷ്ട്ര നായകന്‍ ഉനദ്ഘട്ടിനെ വീഴ്ത്തി വകാറെ വിദര്‍ഭയ്ക്ക് അഞ്ച് റണ്‍സ് ലീഡ് സമ്മാനിച്ചു. വിദര്‍ഭയ്ക്കായി ആദിത്യ സര്‍വാതെ അഞ്ചും വകാറെ നാലും വിക്കറ്റ് വീഴ്ത്തി.

നേരത്തെ വിദര്‍ഭ ഒന്നാമിന്നിങ്‌സില്‍ 312 റണ്‍സ് അടിച്ചെടുത്തിരുന്നു. 73 റണ്‍സുമായി പുറത്താകാതെ നിന്ന കര്‍നേവറും 45 റണ്‍സടിച്ച വാദ്കറുമാണ് വിദര്‍ഭയെ മികച്ച സ്‌കോറിലെത്തിച്ചത്. 

Content Highlights: Ranji Trophy Final Vidarbha vs Saurashtra Day 3