നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ സൗരാഷ്ട്രയ്‌ക്കെതിരേ വിദര്‍ഭ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ വിദര്‍ഭ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിദര്‍ഭയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ഫായിസ് ഫസലിനെയും (16) സഞ്ജയ് രാമസ്വാമിയെയും (2) നഷ്ടമായി.

മൂന്നാം വിക്കറ്റില്‍ വസീം ജാഫറും (23) മോഹിത് കാലെയും (35) രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍, സ്‌കോര്‍ 60-ല്‍ നില്‍ക്കേ ജാഫറിനെയും 106-ല്‍ കാലെയെയും സൗരാഷ്ട്ര ബൗളര്‍മാര്‍ മടക്കിയയച്ചു. പിന്നീടെത്തിയ ഗണേഷ് സതീഷ് (32), അക്ഷയ് വാദ്കര്‍ (45) എന്നിവര്‍ക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല.

ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 31 റണ്‍സുമായി അക്ഷയ് കര്‍ണേവാറും റണ്ണൊന്നുമെടുക്കാതെ അക്ഷയ് വഖാരെയുമാണ് ക്രീസില്‍. സൗരാഷ്ട്രയ്ക്കായി ജയദേവ് ഉനദ്കട്ട് രണ്ടുവിക്കറ്റെടുത്തു.

Content Highlights: ranji trophy final vidarbha falter against saurashtra