ബെംഗളൂരു: ഓസീസ് മണ്ണിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിനു പിന്നില്‍ ചേതേശ്വര്‍ പൂജാരയുടെ പങ്ക് ചെറുതൊന്നുമല്ലായിരുന്നു. ദ്രാവിഡിനു ശേഷം ഇന്ത്യയ്ക്ക് പുതിയ വന്‍മതിലിനെ ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞ് ആഘോഷിച്ച ആരാധകര്‍ തന്നെ പക്ഷേ ഇപ്പോള്‍ താരത്തെ തളളിപ്പറയുകയാണ്.

കര്‍ണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി സെമി ഫൈനലില്‍ പുറത്തായിട്ടും ക്രീസ് വിടാതിരുന്നതാണ് കാണികള്‍ സൗരാഷ്ട്ര താരം പൂജാരയ്‌ക്കെതിരേ തിരിയാന്‍ കാരണം. മത്സരത്തിനിടെ ചായക്ക് പിരിഞ്ഞ് ഡ്രസിങ് റൂമിലേക്ക് പോകുമ്പോള്‍ ചതിയനെന്നു പറഞ്ഞാണ് കാണികള്‍ താരത്തെ വരവേറ്റത്. പൂജാരയെ കാണികള്‍ കൂക്കിവിളിക്കുകയും ചെയ്തു. 

സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്ലാത്ത തരത്തിലാണ് പൂജാര പെരുമാറിയതെന്നും ആരാധകര്‍ പറയുന്നു. ആദ്യ ഇന്നിങ്‌സില്‍ കര്‍ണാടക ബൗളര്‍ അഭിമന്യു മിഥുവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പൂജാരയെ ക്യാച്ച് ചെയ്തിരുന്നു. പന്ത് ഗ്ലൗസില്‍ തട്ടിയതിന്റെ ശബ്ദമുണ്ടായെങ്കിലും അമ്പയര്‍ ഔട്ട് നല്‍കിയില്ല. പന്ത് കൈയിലാണ് തട്ടിയതെന്നായിരുന്നു അമ്പയറുടെ കണ്ടെത്തല്‍. എന്നാല്‍ റീപ്ലേയില്‍ ഇത് ഔട്ടാണെന്ന് തെളിഞ്ഞു. കര്‍ണാടക താരങ്ങള്‍ അപ്പീല്‍ ചെയ്തിട്ടും ഔട്ട് നല്‍കിയില്ല. പൂജാര സ്വയം പുറത്തുപോവുകയും ചെയ്തില്ല.

ആ സമയത്ത് പൂജാര ഒരു റണ്‍ മാത്രമാണ് നേടിയിരുന്നത്. കര്‍ണാടകയെ സംബന്ധിച്ച് മത്സരത്തില്‍ നിര്‍ണായകമായേക്കാവുന്ന വിക്കറ്റായിരുന്നു അത്. പിന്നീട് 99 പന്തില്‍ 45 റണ്‍സടിച്ച് പൂജാര പുറത്തായി. തന്റെ പന്തില്‍ അഭിമന്യു മിഥുന്‍ തന്നെ ഇന്ത്യന്‍ താരത്തെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

പിന്നാലെ രണ്ടാം ഇന്നിങ്‌സിലും പൂജാര ഇതേ പെരുമാറ്റം ആവര്‍ത്തിച്ചു. വിനയ്കുമാറിന്റെ പന്ത് പൂജാരയുടെ ബാറ്റില്‍ ഉരസി വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തി. വിനയ്കുമാറും മറ്റു കളിക്കാരും വിക്കറ്റ് ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ ഇത്തവണയും അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. പൂജാരയൊട്ട് ക്രീസ് വിട്ടതുമില്ല. ഇതു കണ്ട വിനയ്കുമാര്‍ അമ്പയറോട് തര്‍ക്കിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ മത്സരം ചായക്ക് പിരിഞ്ഞ് പൂജാര ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് കാണികള്‍ അവരുടെ രോഷം പ്രകടിപ്പിച്ചത്. മത്സരത്തില്‍ അഞ്ചു വിക്കറ്റ് വിജയവുമായി സൗരാഷ്ട്ര രഞ്ജി ട്രോഫി ഫൈനലില്‍ കടന്നു. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി (131) നേടിയ പൂജാര തന്നെയായിരുന്നു സൗരാഷ്ട്രയുടെ വിജയശില്‍പി.

Content Highlights: ranji trophy fans call cheteshwar pujara cheater