ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വമ്പന്‍മാരായ ഡല്‍ഹിയെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ച് വിദര്‍ഭയ്ക്ക് കന്നി രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം. ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനലിലെത്തിയ വിദര്‍ഭ രണ്ടാം ഇന്നിങ്‌സിനിറങ്ങുമ്പോള്‍ വിജയലക്ഷ്യം വെറും 29 റണ്‍സായിരുന്നു. അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചെടുത്താണ് വിദര്‍ഭ കന്നി രഞ്ജി ഫൈനലിൽ തന്നെ കിരീടത്തിൽ മുത്തമിട്ടത്. 

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 252 റണ്‍സിന്റെ ലീഡ് വഴങ്ങി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയെ 280 റണ്‍സില്‍ പുറത്താക്കി ബൗളര്‍മാരാണ് വിദര്‍ഭയുടെ വിജയം ഉറപ്പിച്ചത്. സ്‌കോര്‍ - വിദര്‍ഭ; 547, 32/1, ഡല്‍ഹി - 295, 280.  ഹാട്രിക് നേട്ടത്തോടെ രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട് വിക്കറ്റുകള്‍ നേടിയ രജനീഷ് ഗൂര്‍ബാനിയാണ് ഡല്‍ഹി ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്‌.

സെഞ്ചുറി നേടിയ വാഡ്കര്‍, അര്‍ധസെഞ്ചുറികള്‍ നേടിയ ഫസല്‍, വസീം ജാഫര്‍, സര്‍വാതെ, സിദ്ധേഷ് സുനില്‍ എന്നിവരുടെ ഇന്നിങ്സുകളാണ് വിദര്‍ഭയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഏഴാമനായി ഇറങ്ങിയ വാഡ്കര്‍ 263 പന്തില്‍ 133 റണ്‍സടിച്ചതോടെ കളി ഡല്‍ഹിയുടെ കൈയില്‍ നിന്നും പോകുകയായിരുന്നു. വസീം ജാഫര്‍ 78 റണ്‍സെടുത്തപ്പോള്‍ സര്‍വാതെ 79ഉം സിദ്ധേഷ് 74ഉം റണ്‍സടിച്ചു. ഓപ്പണര്‍ ഫസല്‍ 67 റണ്‍സ് കണ്ടെത്തി.

Content Highlights: Ranji Trophy Cricket Vidarbha vs Delhi