കല്യാണി (ബംഗാള്‍): ജമ്മു കാശ്മീരിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഭേദപ്പെട്ട നിലയില്‍. രണ്ടാം ദിവസത്തെ കളി മഴ മൂലം നിര്‍ത്തുമ്പോള്‍ കേരളം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തിട്ടുണ്ട്. 

ഏഴിന് 263 എന്ന നിലയില്‍ രണ്ടാം ദിനം കളി തുടങ്ങിയ കേരളം 19 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും വില്ലനായി മഴയെത്തി. 277 പന്തില്‍ നിന്ന് 142 റണ്‍സുമായി സഞ്ജു വി സാംസണും 36 പന്തില്‍ നിന്ന് 12 റണ്‍സുമായി മനുകൃഷ്ണനുമാണ് ക്രീസില്‍. നേരത്തെ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന കേരളത്തെ സഞ്ജു വി സാംസണ്‍ നേടിയ സെഞ്ച്വറിയാണ് കര കയറ്റിയത്.

കേരളം ഒരു ഘട്ടത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെന്ന നിലയിലായിരുന്നു. കളി തുടങ്ങി 2.2 ഓവറില്‍ കേരളത്തിന്റെ ആദ്യ വിക്കറ്റ് വീണു. നാല് റണ്‍സെടുത്ത ഭാവിന്‍ താക്കിറിനെ സമയുള്ള ഭേഗ് വിക്കറ്റ് മുന്നില്‍ കുരുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ രോഹന്‍ പ്രേമിനെയും (ഒന്ന്)  പുറത്താക്കി രാം ദയാല്‍ കേരളത്തിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. എന്നാല്‍ നാലാമനായിറങ്ങിയ സഞ്ജു സാംസണ്‍ ഓപ്പണര്‍ ജലജ് സക്‌സേനയ്ക്ക് പറ്റിയ കൂട്ടാളിയായി. 

ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മത്സരം കേരളത്തിന്റെ നിയന്ത്രണത്തിലാണെന്ന് തോന്നിയ നിമിഷത്തിലായിരുന്നു 69 റണ്‍സെടുത്ത ജലജ് സക്‌സേനയെ പുറത്താക്കി സമ്മിയുള്ള ബേഗ് ആ കൂട്ടുകെട്ട് തകര്‍ത്തത്. സ്‌കോര്‍ 106 റണ്‍സില്‍ തന്നെ നില്‍ക്കെ നാലാമനായി സച്ചിന്‍ ബേബി (0) പുറത്തായതോടെ കേരളം കൂടുതല്‍ സമ്മര്‍ദത്തിലായി. 

സ്‌കോര്‍ 135ല്‍ എത്തിയപ്പോള്‍ റോബേര്‍ട്ടിനെ (3) ഉമര്‍ നസീര്‍ പുറത്താക്കി. ഏഴാമനായെത്തിയ ഇക്ബാല്‍ അബ്ദുള്ള (14) ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും രാം ദയാലിന്റെ കണിശതയാര്‍ന്ന ബൗളിങ്ങിന്റെ മുന്നില്‍ പുണിറ്റ് ബിഷ്ടിന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് 14 റണ്‍സെടുത്ത മോനിഷിനെ ബേഗ് പുറത്താക്കി. കശ്മിര്‍ ബൗളിങ് നിരയില്‍ സമ്മിയുള്ള ബേഗ് നാല് വിക്കറ്റുമായി തിളങ്ങി. രാം ദയാല്‍ രണ്ടും ഉമര്‍ നസീര്‍ ഒരു വിക്കറ്റും നേടി.