ഷിംല: രഞ്ജി ട്രോഫിയില്‍ നാടകീയ വിജയവുമായി കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. ഹിമാചല്‍ പ്രദേശിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കേരളം തുടര്‍ച്ചയായ രണ്ടാം സീസണിലും ക്വാര്‍ട്ടറിലെത്തിയത്.
ഈ സീസണിലെ അവസാന മത്സരത്തിന് ഹിമാചലിനെതിരെ കളത്തിലിറങ്ങുമ്പോള്‍ കേരളത്തിന് വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാകുമായിരുന്നില്ല. രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാനുള്ള ഹിമാചലിന്റെ അതിബുദ്ധിയും കേരളത്തിന് തുണയായി. ഈ സീസണില്‍ എട്ടു മത്സരങ്ങളില്‍ നാല് വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. ഇതോടെ 26 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി കേരളം ക്വാര്‍ട്ടറിലെത്തുകയായിരുന്നു. 15ന് തുടങ്ങുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികള്‍.
രണ്ടാം ഇന്നിങ്സില്‍ 297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം 96 റണ്‍സെടുത്ത വിനൂപിന്റെയും 92 റണ്‍സെടുത്ത സച്ചിന് ബോബിയുടേയും മികവിലാണ് വിജയിച്ചത്. 61 റണ്‍സുമായി സഞ്ജു സാംസണ് പുറത്താകാതെ നിന്നു. പി. രാഹുല്‍ (14), സിജോമോന്‍ ജോസഫ് (23), മുഹമ്മദ് അസ്ഹറുദ്ദീന് (0), വിനൂപ് (96), സച്ചിന് ബേബി (92) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
സ്കോര്‍: ഹിമാചല്‍ പ്രദേശ്-297, 285/8d കേരളം-286,299/5
നേരത്തെ ആദ്യ ഇന്നിങ്സ് ലീഡ് നേടാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തിയിരുന്നു. ഹിമാചലിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 297-ന് എതിരേ ആറു വിക്കറ്റിന് 268 റണ്‍സെന്ന നിലയില്‍ നിന്ന് ഒന്നാം ഇന്നിങ്സില്‍ കേരളം 286 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 18 റണ്‍സിനിടെയാണ് കേരളം അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്.
11 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാമിന്നിങ്സിനിറങ്ങിയ ഹിമാചല്‍ പ്രദേശ് എട്ടു വിക്കറ്റിന് 285 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് എന്ന വിജയലക്ഷ്യം കേരളം വേഗത്തില്‍ മറികടന്നു. ഇതോടെ ഹിമാചല്‍ പ്രദേശിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു.
കേരളത്തിന്റെ 'ഡു ഓര് ഡൈ'
നോക്കൗട്ടിലേക്ക് മുന്നേറാന്‍ വിജയം അനിവാര്യമെന്ന അവസ്ഥയില്‍ ബാറ്റിങ്ങ് ലൈനപ്പില്‍ കാര്യമായ അഴിച്ചുപണി നടത്തിയാണ് കേരളം രണ്ടാം ഇന്നിങ്സിനിറങ്ങിയത്. ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ പി.രാഹുലിനൊപ്പം ഓപ്പണറായി എത്തിയത് ഓള്‍റൗണ്ടര്‍ വിനൂപ് മനോഹരന്. വണ്‍ഡൗണായി ഇറങ്ങിയത് സ്പിന്‍ ബൗളര്‍ സിജോമോന്‍ ജോസഫ്. ഈ പരീക്ഷണം വിജയിക്കുന്ന കാഴ്ച്ചയാണ് ഹിമാചലിന്റെ തട്ടകത്തില്‍ കണ്ടത്.
രാഹുല്‍ 14 റണ്‍സിന് പുറത്തായതോടെ ഒത്തുചേര്‍ന്ന വിനൂപ്-സിജോമോന്‍ സഖ്യം കേരളത്തിന് അടിത്തറയിടുകയായിരുന്നു. 16.1 ഓവര്‍ ബാറ്റുചെയ്ത ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 73 റണ്‍സ്. റണ്‍റേറ്റ് താഴെപ്പോകാതെയായിരുന്നു ഈ കൂട്ടുകെട്ട്.
സിജോമോന്‍ പുറത്തായതോടെ ക്യാപ്റ്റന്‍ സച്ചിന് ബേബി വിനൂപിന് യോജിച്ച കൂട്ടുകാരനായി. 101 റണ്‍സുമായി ഈ സച്ചിനും വിനൂപും മുന്നേറവെ ദാഗര്‍ വിനൂപിനെ മടക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. സെഞ്ചുറിക്ക് നാല് റണ്‍സ് അകിരെയാണ് വിനൂപ് പുറത്തായത്. ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും മുഹമ്മദ് അസ്ഹറുദ്ദീനും സംപൂജ്യനായി മടങ്ങിയെങ്കിലും സഞ്ജു-സച്ചിന് കൂട്ടുകെട്ട് കേരളത്തെ മുന്നോട്ടുനയിച്ചു.
അഞ്ചാം വിക്കറ്റില്‍ 88 റണ്‍സാണ് ഇരുവരു കൂട്ടിച്ചേര്‍ത്തത്. വിജയത്തിന് തൊട്ടരികെ സച്ചിന് പുറത്തായി 134 പന്തില്‍ ഒരു സിക്സും എട്ടു ഫോറുമടക്കം 92 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. സച്ചിന് പുറത്തായതോടെ ക്രീസിലെത്തിയ വിഷ്ണു വിനോദിനെ സാക്ഷി നിര്‍ത്തി സഞ്ജു വിജയറണ്‍ നേടി. 53 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്സുമടക്കം 61 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു.
Content Highlights: Ranji Trophy Cricket Kerala Win vs Himachal Pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..