കട്ടക്ക്: രഞ്ജി ട്രോഫി ഈ സീസണില്‍ കേരളത്തിന് ആദ്യ വിജയം. ത്രിപുരയെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയ കേരളം ആറു പോയിന്റ് നേടി. ത്രിപുര മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യം രണ്ടാമിന്നിങ്ങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 

99 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 40 റണ്‍സ് നേടിയ അസ്ഹറുദ്ദീന്‍ തന്നെയായിരുന്നു കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. 47 റണ്‍സുമായി ഭവിന്‍ ജെ.തക്കര്‍ അസ്ഹറുദ്ദീന് മികച്ച പിന്തുണ നല്‍കി. 

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 20 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് കേരളം ശക്തമായി തിരിച്ചു വന്നത്. ആദ്യ ഇന്നിങ്‌സില്‍ ത്രിപുര 213 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ കേരളം 193 റണ്‍സിന് പുറത്തായിരുന്നു. 50 റണ്‍സ് നേടിയ യശ്പാല്‍ സിംഗാണ് ത്രിപുരയെ 213 റണ്‍സിലെത്തിച്ചത്. 

എന്നാല്‍ നാല് വിക്കറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇഖ്ബാല്‍ അബ്ദുള്ളയുടെയും മികവില്‍ കേരളം രണ്ടാമിന്നിങ്‌സില്‍ ത്രിപുരയെ 162 റണ്‍സിലൊതുക്കുകയായിരുന്നു. 

വിജയിച്ചെങ്കിലും കേരളത്തിന് എലൈറ്റ് ഗ്രൂപ്പിലെത്താനുള്ള സാധ്യത കുറവാണ്. എട്ടു മത്സരങ്ങളില്‍ നിന്ന് കേരളത്തിന് ഒരു വിജയവും ആറു സമനിലയും ഒരു തോല്‍വിയുമാണുള്ളത്. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമിന് മാത്രമേ എലൈറ്റ് ഗ്രൂപ്പിലെത്താനാകൂ.