തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ രാജസ്ഥാന് പൊരുതുന്നു. കേരളത്തിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 335 റണ്‍സിനെതിരെ ബാറ്റിങ് തുടങ്ങിയ രാജസ്ഥാന് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 134 റണ്‍സെന്ന നിലയിലാണ്.
മികച്ച ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും തിളങ്ങിയ ജലജ് സക്സേനയാണ് കേരളത്തിനായി മികച്ചുനിന്നത്. രാജസ്ഥാന്റെ ആറു വിക്കറ്റും വീഴ്ത്തിയത് സക്സേനയാണ്. 22.3 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു സക്സേനയുടെ ഇന്നിങ്സ്. ഡി.എച്ച് യാഗ്നിക്ക് രാജസ്ഥാനായി 62 റണ്‍സ് നേടി.
നേരത്തെ രണ്ടാം വിക്കറ്റില്‍ ജലജ് സക്സേന-രോഹന് പ്രേം കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ 160 റണ്‍സാണ് കേരളത്തിന്റെ ഇന്നിങ്സിന് മികച്ച അടിത്തറ നല്‍കിയത്. രോഹന് പ്രേം 237 പന്തില്‍ നിന്ന് 86 റണ്‍സെടുത്തും ജലജ് സക്സേന 157 പന്തില്‍ നിന്ന് 79 റണ്‍സെടുത്തും പുറത്തായി. പിന്നീട് 78 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന് ബേബിയും 42 റണ്‍സടിച്ച സഞ്ജു വി സാംസണും കേരളത്തിന്റെ സ്കോര്‍ 300 കടത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഓപ്പണര്‍ വിഷ്ണു വിനോദിനെ ഒന്നാമത്തെ ഓവറില്‍ തന്നെ കേരളത്തിന് നഷ്ടമായി. രണ്ടു റണ്‍സായിരുന്നു വിഷ്ണുവിന്റെ സമ്പാദ്യം. എട്ടു ഫോറുകളുടേയും രണ്ട് സിക്സറുകളുടേയും അകമ്പടിയോടെയാണ് ജലജ് സക്സേന 79 റണ്‍സടിച്ചത്. രോഹന് പ്രേമിന്റെ ഇന്നിങ്സില്‍ പത്ത് ഫോറുകള്‍ പിറന്നു. രാജസ്ഥാനായി എം.കെ ലോംറോര്‍ നാല് വിക്കറ്റ് വീഴ്ത്തി.
ഈ സീസണില്‍ ഇത് കേരളത്തിന്റെ മൂന്നാമത്തെ മത്സരമാണ്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും സ്വന്തമായ കേരളം ഗ്രൂപ്പ് ബിയില്‍ ആറ് പോയിന്റുമായി രണ്ടാമതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..