കേരളത്തിനായി തിളങ്ങിയ രോഹൻ എസ് കുന്നമ്മൽ, ഏദൻ ആപ്പിൾ ടോം, പി രാഹുൽ എന്നിവർ | Photo: fb|KCA
രാജ്കോട്ട്: രഞ്ജി ട്രോഫിയില്‍ എലീറ്റ് ഗ്രൂപ്പ് എയിലെ മത്സരത്തില്‍ മേഘാലയക്കെതിരേ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 36 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എന്ന നിലയിലാണ് കേരളം. 91 റണ്‍സോടെ ഓപ്പണര്‍ രാഹുലും നാലു റണ്‍സോടെ ജലജ് സക്സേനയുമാണ് ക്രീസില്‍. മേഘാലയുടെ ഒന്നാം ഇന്നിങ്സ് സ്കോര്‍ 148 റണ്‍സില്‍ അവസാനിപ്പിച്ച കേരളത്തിന് ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ 57 റണ്‍സിന്റെ ലീഡ് ആയി.
ബൗളര്‍മാര്‍ പുറത്തെടുത്ത മികവ് ബാറ്റിങ് നിരയും ആവര്‍ത്തിക്കുന്നതാണ് രാജ്കോട്ടില്‍ കണ്ടത്. ട്വന്റി-20 ശൈലിയില്‍ അടിച്ചുതകര്‍ത്ത ഓപ്പണര്‍ രോഹന് എസ് കുന്നുമ്മല്‍ 107 റണ്‍സ് അടിച്ചു. 97 പന്തില്‍ 17 ഫോറും ഒരു സിക്സും സഹിതമാണ് രോഹന് 107 റണ്‍സെടുത്തത്. വെറും 73 പന്തില്‍ നിന്നാണ് കേരള ഓപ്പണര്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ രാഹുലിനൊപ്പം 214 പന്തില്‍ നിന്ന് 201 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.
ക്രീസില്‍ തുടരുന്ന രാഹുല്‍ 117 പന്തുകള്‍ നേരിട്ട് 13 ഫോറും ഒരു സിക്സും സഹിതമാണ് 91 റണ്‍സെടുത്തത്. ജലജ് സക്സേന ഇതുവരെ മൂന്നു പന്തില്‍ ഒരു ഫോര്‍ സഹിതം നാല് റണ്‍സെടുത്തിട്ടുണ്ട്.
അരങ്ങേറ്റത്തില്‍ ഏദനും തിരിച്ചുവരവില്‍ ശ്രീശാന്തും തിളങ്ങി
നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം മേഘാലയയെ എറിഞ്ഞൊതുക്കി. അരങ്ങേറ്റ മത്സരം കളിച്ച ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും മനു കൃഷ്ണന് മൂന്നു വിക്കറ്റും വീഴ്ത്തി. നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ വെറ്ററന്‍ പേസര്‍ എസ് ശ്രീശാന്ത് രണ്ട് വിക്കറ്റുമെടുത്തു. ഒരു വിക്കറ്റ് ബേസില്‍ തമ്പിക്കാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മേഘാലയ്ക്ക് പുനീത് ബിഷ്ടിന്റെ അര്‍ധ സെഞ്ചുറിയാണ് കരുത്തായത്. 90 പന്തില്‍ 19 ഫോറിന്റെ അകമ്പടിയോടെ പുനീത് അടിച്ചെടുത്തത് 93 റണ്‍സാണ്. പുനീതിന് പുറമേ രണ്ടക്കം കണ്ടത് 26 റണ്‍സെടുത്ത കിഷന് ലിങ്ദോയും 15 റണ്‍സെടുത്ത ചിരാഗ് ഖുരാനയും മാത്രമാണ്.
അരങ്ങേറ്റത്തിലെ ആദ്യ പന്തില്‍തന്നെ വിക്കറ്റെടുത്ത ഏദന്‍ ഒമ്പത് ഓവറില്‍ രണ്ട് മെയ്ഡനുകള്‍ സഹിതം 41 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്ത്തിയത്. 11 ഓവറില്‍ മൂന്നു മെയ്ഡന്‍ ഉള്‍പ്പെടെ 34 റണ്‍സ് വിട്ടുകൊടുത്താണ് മനു കൃഷ്ണന് മൂന്നു വിക്കറ്റെടുത്തത്. മേഘാലയയുടെ വാലറ്റത്തെ ചുരുട്ടിക്കെട്ടിയ ശ്രീശാന്ത് 11.5 ഓവറില്‍ വഴങ്ങിയത് 40 റണ്‍സാണ്.
Content Highlights: Ranji Trophy Cricket Kerala vs Meghalaya
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..