അഞ്ച് വിക്കറ്റെടുത്ത ജലജ് സക്‌സേന | Photo: KCA
റാഞ്ചി: രഞ്ജി ട്രോഫിയില്‍ ഝാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ കേരളത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഒന്നാമിന്നിങ്‌സില്‍ 475 റണ്‍സടിച്ച കേരളം ഝാര്‍ഖണ്ഡിനെ 340 റണ്‍സിന് പുറത്താക്കി. ഇതോടെ 135 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാമിന്നിങ്‌സ് ലീഡും കേരളം അക്കൗണ്ടിലെത്തിച്ചു.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഝാര്‍ഖണ്ഡിനായി ഇഷാന്‍ കിഷനും സൗരഭ് തിവാരിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 30 റണ്‍സെടുത്ത വിരാട് സിങ് പുറത്തായശേഷം അഞ്ചാം വിക്കറ്റില്‍ സൗരഭ് തിവാരിയും ഇഷാനും ഒത്തുചേര്‍ന്നു. ഇരുവരും 202 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 229 പന്ത് നേരിട്ട് ക്ഷമയോടെ ബാറ്റ് ചെയ്ത 97 റണ്‍സ് നേടിയ സൗരഭിനെ പുറത്താക്കി ജലജ് സക്‌സേന കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഇഷാനും ക്രീസ് വിട്ടു. 195 പന്തില്‍ ഒമ്പത് ഫോറും എട്ട് സിക്‌സും സഹിതം 132 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാനേയും ജലജാണ് പുറത്താക്കിയത്. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഝാര്‍ഖണ്ഡിനായില്ല. കുമാര്‍ കുശാഗ്ര ഏഴ് റണ്‍സിനും ഷഹബാസ് നദീം നാല് റണ്‍സിനും പുറത്തായി. രാഹുല്‍ ശുക്ലയുടേയും ആശിഷ് കുമാറിന്റേയും സമ്പാദ്യം ഒരൊറ്റ റണ്‍ വീതമായിരുന്നു. രണ്ട് റണ്‍സോടെ മാനിഷി പുറത്താകാതെ നിന്നു. 24 റണ്‍സെടുക്കുന്നതിനിടയിലാണ് അവസാന ആറു വിക്കറ്റുകള്‍ക്ക് ഝാര്‍ഖണ്ഡിന് നഷ്ടമായത്.
37.3 ഓവറില്‍ 75 റണ്‍സ് മാത്രം വഴങ്ങി ജലജ് സക്‌സേന അഞ്ച് വിക്കറ്റുകള്‍ പിഴുതു. ബേസില്‍ തമ്പി മൂന്നും വൈശാഖ് ചന്ദ്രന്‍ രണ്ടും വിക്കറ്റെടുത്തു.
രണ്ടാമിന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലാണ്. ആറു റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റാണ് നഷ്ടമായത്. 25 റണ്‍സോടെ രോഹന്‍ പ്രേമും 28 റണ്‍സോടെ ഷോണ്‍ റോജറും ക്രീസിലുണ്ട്.
നേരത്തെ ഒന്നാമിന്നിങ്‌സില്‍ 150 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രന്റെ മികവാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പത്താമനായി ക്രീസ് വിടുമ്പോള്‍ 268 പന്തില്‍ 13 ഫോറും ഒരു സിക്സും സഹിതം 150 റണ്‍സ് അക്ഷയ് അടിച്ചെടുത്തിരുന്നു. ഏഴാം വിക്കറ്റില്‍ സിജോമോന്‍ ജോസഫും അക്ഷയിയും 171 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കി. 153 പന്തില്‍ 10 ഫോറും മൂന്ന് സിക്സും സഹിതം 83 റണ്‍സ് അടിച്ചെടുത്ത സിജോമോന്‍ ജോസഫിനെ പുറത്താക്കി ഷഹബാസ് നദീമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ഓപ്പണര്‍മാരായ രോഹന്‍ പ്രേം (79), രോഹന്‍ കുന്നുമ്മല്‍ (50), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (71) എന്നിവരും അര്‍ധ സെഞ്ചുറികളുമായി തിളങ്ങി. രോഹന്‍ പ്രേം-രോഹന്‍ കുന്നുമ്മല്‍ ഓപ്പണിങ് സഖ്യം 90 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ സഞ്ജുവും രോഹന്‍ പ്രേമും ചേര്‍ന്ന് 91 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 108 പന്ത് നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഏഴു സിക്‌സും നാലു ഫോറും പിറന്നു. എന്നാല്‍ ഷോണ്‍ റോജര്‍ (1), സച്ചിന്‍ ബേബി (0), ജലജ് സക്‌സേന (0) എന്നിവര്‍ ഒരു സംഭാവനയുമില്ലാതെ പുറത്തായി.
ഝാര്‍ഖണ്ഡിനായി ഷഹബാദ് നദീം 45 ഓവറില്‍ 167 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. മാനിഷി, ഉത്കാര്‍ഷ് സിങ്ങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: ranji trophy cricket kerala vs jharkhand akshay chandran sanju samson jalaj saxsena
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..