ജംഷെഡ്പുര്‍: ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 207 റണ്‍സ്. എട്ടു വിക്കറ്റിന് 194 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 13 റണ്‍സെടുക്കുന്നതിനിടയില്‍ രണ്ട് വിക്കറ്റുകളും നഷ്ടമായി. 

117 പന്തില്‍ 62 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹന്‍ പ്രേമാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. സഞ്ജു വി സാംസണ്‍ 41 റണ്‍സ് നേടി. കേരളത്തിന്റെ അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തു പോയി. എസ്.എസ് റുയ്ക്കര്‍ ഛത്തീസ്ഗഡിനായി അഞ്ചു വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഡ് 64 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തിട്ടുണ്ട്. കേരളത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഛത്തീസ്ഗഡിന് 72 റണ്‍സ് കൂടി വേണം. റിഷാഭ് തിവാരി (20), എസ്.ഗുപ്ത (10), എ.എന്‍ ഖരെ (35), അഭിമന്യു ചൗഹാന്‍ (37) എന്നിവരുടെ വിക്കറ്റുകളാണ് ഛത്തീസ്ഗഡിന് നഷ്ടപ്പെട്ടത്. കേരളത്തിനായി മോനിഷ് മൂന്ന് വിക്കറ്റും ജലജ് സക്‌സേന ഒരു വിക്കറ്റും നേടി.