കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍ ബാറ്റിങ് മറന്ന് ബംഗാള്‍. ഒരു റണ്ണെടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ ബംഗാള്‍ ആദ്യ ഇന്നിങ്സില്‍ 147 റണ്‍സിന് കൂടാരം കയറി.
നാലു വിക്കറ്റെടുത്ത ബേസില്‍ തമ്പിയും മൂന്നു വിക്കറ്റെടുത്ത എം.ഡി നിധീഷുമാണ് ബംഗാളിനെ തകര്‍ത്തത്. സന്ദീപ് വാര്യര്‍ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി. അര്‍ധ സെഞ്ചുറി നേടിയ (53) അനുസ്തൂപ് മജൂംദാറും 40 റണ്‍സെടുത്ത അഭിഷേക് കുമാര്‍ രാമനും മാത്രമാണ് ബംഗാള്‍ ബാറ്റിങ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. അഞ്ചു ബംഗാള്‍ ബാറ്റ്സ്മാന്മാര് പൂജ്യത്തിനു പുറത്തായി. രണ്ടക്കം കണ്ടത് വെറും നാലുപേര്‍ മാത്രം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയിലാണ്. അരുണ്‍ കാര്‍ത്തിക്കിന്റെ (1) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. മുഹമ്മദ് ഷമിക്കാണ് വിക്കറ്റ്. 14 വീതം റണ്‍സുമായി ജലജ് സക്സേനയും രോഹന് പ്രേമുമാണ് ക്രീസില്‍.
ബംഗാളിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. എട്ടു റണ്‍സെടുക്കുന്നതിനിടയില്‍ അവര്‍ക്ക് ഓപ്പണര്‍ കൗശിക് ഘോഷിനെ നഷ്ടപ്പെട്ടു. 12 പന്ത് നേരിട്ട കൗശിക്ക് അക്കൗണ്ട് തുറക്കും മുമ്പ് ബേസില്‍ പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ സുദീപ് ചാറ്റര്‍ജിയും പുറത്തായി. സന്ദീപ് വാര്യര്‍ക്കായിരുന്നു വിക്കറ്റ്. പിന്നീട് അഭിഷേക് കുമാറും മനോജ് തിവാരിയും ചേര്‍ന്ന് ചെറുത്തു നില്പ്പിന് ശ്രമിച്ചു. എന്നാല്‍ അഭിഷേകിനെ പുറത്താക്കി വാര്യര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 79 പന്തില്‍ 40 റണ്‍സായിരുന്നു അഭിഷേകിന്റെ സമ്പാദ്യം. മികച്ച രീതിയില്‍ ബാറ്റു ചെയ്യുകയായിരുന്ന അഭിഷേക് കൂടി പുറത്തായതോടെ ബംഗാള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.
പിന്നീട് ബംഗാളിന് കൂട്ടത്തകര്‍ച്ചയായിരുന്നു. മനോജ് തിവാരി 22 റണ്‍സിന് പുറത്തായി. ഇതോടെ നാല് വിക്കറ്റിന് 82 എന്ന നിലയിലായി ബംഗാള്‍. എട്ടു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ വിറ്റിക് ബിജോയ് ചാറ്റര്‍ജിയും ക്രീസ് വിട്ടു. അടുത്ത ഊഴം 13 റണ്‍സെടുത്ത വിവേക് സിങ്ങിന്റേയായിരുന്നു. പിന്നീട് ഒരു ഓവറില്‍ രണ്ടു പേരെ ബേസില്‍ തമ്പി മടക്കി. മുഹമ്മദ് ഷമിയും വിവേക് സിങ്ങും അക്കൗണ്ട് തുറക്കാതെ പുറത്തായി.
രണ്ടു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് എ ആന്റ് ബിയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. ഒമ്പത് പോയിന്റ് വീതമുള്ള സൗരാഷ്ട്രയും ഗുജറാത്തുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
Content Highlights: Ranji Trophy Cricket Kerala vs Bengal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..