ഷിംല: രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരേ ലീഡ് സ്വന്തമാക്കാനുള്ള സുവര്‍ണാവസരം കളഞ്ഞുകുളിച്ച് കേരളം. ആറു വിക്കറ്റിന് 268 റണ്‍സെന്ന നിലയില്‍ നിന്ന് ഒന്നാം ഇന്നിങ്‌സില്‍ കേരളം 286 റണ്‍സിന് ഓള്‍ഔട്ടായി. 18 റണ്‍സിനിടെയാണ് കേരളം അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. അഞ്ചു വിക്കറ്റെടുത്ത അര്‍പിത് ഗുലേറിയയാണ് കേരളത്തെ തകര്‍ത്തത്. 

ഇതോടെ ഹിമാചല്‍ 11 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ ഹിമാചല്‍ 297 റണ്‍സെടുത്തിരുന്നു. രഞ്ജി സീസണില്‍ കേരളത്തിന്റെ അവസാന മത്സരമാണിത്. നോക്കൗട്ടില്‍ കടക്കണമെങ്കില്‍ കേരളത്തിന് വലിയ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് പരാജയപ്പെട്ടതാണ് കേരളത്തിന്റെ സാധ്യതകള്‍ക്ക് വിലങ്ങുതടിയായത്.

അഞ്ചിന് 219 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 268-ല്‍ വെച്ച് 50 റണ്‍സെടുത്ത സഞ്ജു വി സാംസണിന്റെ വിക്കറ്റ് നഷ്ടമായി. പിന്നാലെ തകര്‍ച്ചയും തുടങ്ങി. അതേ സ്‌കോറില്‍ വിനൂപ് മനോഹരന്‍ (0) മടങ്ങി. പിന്നാലെ സെഞ്ചുറി വീരന്‍ പി. രാഹുലിനെ ധവാന്‍ പുറത്താക്കി. 254 പന്തുകളില്‍ നിന്ന് 15 ബൗണ്ടറിയും ഒരു സിക്‌സുമടക്കം 127 റണ്‍സെടുത്ത ശേഷം എട്ടാമനായാണ് രാഹുല്‍ പുറത്തായത്. പിന്നാലെ നിധീഷ് (0), സന്ദീപ് വാര്യര്‍ (3) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 286-ല്‍ അവസാനിച്ചു. 

നേരത്തേ ആറു വിക്കറ്റെടുത്ത എം.ഡി നിധീഷാണ് ഹിമാചലിനെ 300 റണ്‍സിനുള്ളില്‍ ഒതുക്കിയത്. അങ്കിത് കല്‍സിയുടെ (101) സെഞ്ചുറിയാണ് ഹിമാചലിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്. 

Content Highlights: ranji trophy cricket kerala lost important lead against himachal pradesh