നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരേ സൗരാഷ്ട്ര പൊരുതുന്നു. വിദര്‍ഭയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 312 റണ്‍സിനെതിരേ ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര അഞ്ചിന് 158 റണ്‍സ് എന്ന നിലയിലാണ്. ചേതേശ്വര്‍ പൂജാര ഒരു റണ്‍സിന് പുറത്തായതാണ് സൗരാഷ്ട്രയ്ക്ക കൂടുതല്‍ ആഘാതമായത്. 

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സൗരാഷ്ട്രയുടെ സ്നെല്‍ പട്ടേല്‍ (87*), പ്രേരക് മങ്കാദ് (16*) എന്നിവരാണ് ക്രീസില്‍. സ്‌കോര്‍: വിദര്‍ഭ 120.2 ഓവറില്‍ 312 റണ്‍സിന് പുറത്ത്. സൗരാഷ്ട്ര 59 ഓവറില്‍ അഞ്ചിന് 158.

ഏഴുവിക്കറ്റിന് 200 എന്ന നിലയില്‍ തിങ്കളാഴ്ച രാവിലെ ബാറ്റിങ് തുടര്‍ന്ന വിദര്‍ഭയെ അക്ഷയ് കര്‍ണേവാര്‍ (73 *), അക്ഷയ് വഖാറെ (34) എന്നിവര്‍ ചേര്‍ന്ന് മികച്ച ടോട്ടലില്‍ എത്തിച്ചു. എട്ടാംവിക്കറ്റില്‍ ഇവര്‍ 80 റണ്‍സടിച്ചു. സൗരാഷ്ട്രയ്ക്കുവേണ്ടി ജയദേവ് ഉനദ്കട്ട് മൂന്നുവിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ സ്നെല്‍ പട്ടേല്‍ പിടിച്ചുനിന്നെങ്കിലും മധ്യനിരയില്‍ വലിയ കൂട്ടുകെട്ടുണ്ടായില്ല. പൂജാരയുടെ അടക്കം മൂന്നുവിക്കറ്റുകള്‍ സ്പിന്നര്‍ ആദിത്യ സര്‍വ്വാതെ സ്വന്തമാക്കി.

Content Highlights: Ranji Trophy Cricket Final Vidarbha vs Saurashtra Day 2