രാജ്‌കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ബംഗാളിനെതിരേ സൗരാഷ്ട്ര ഭേദപ്പെട്ട സ്‌കോറിലേക്ക്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തിട്ടുണ്ട്. 29 റണ്‍സുമായി അര്‍പിത് വാസവദയാണ് ക്രീസില്‍. ആറാമനായി ക്രീസിലെത്തിയ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര ശാരീരിക അസ്വസ്ഥത മൂലം ക്രീസ് വിട്ടു. 24 പന്തില്‍ അഞ്ചു റണ്‍സെടുത്ത് നില്‍ക്കെയാണ് പൂജാര പിന്‍വാങ്ങിയത്.

ഓപ്പണിങ് വിക്കറ്റില്‍ ഹര്‍വിക് ദേശായിയും അവി ബാരറ്റും 82 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ദേശായി 111 പന്തില്‍ 38 റണ്‍സെടുത്തപ്പോള്‍ 142 പന്തില്‍ 54 റണ്‍സായിരുന്നു ബാരറ്റിന്റെ സംഭാവന. ആറു ഫോറിന്റെ അകമ്പടിയോടെയാണ് ബാരറ്റിന്റെ അര്‍ധ സെഞ്ചുറി.

വിശ്വരാജ് ജഡേജയും സൗരാഷ്ട്രക്കായി അര്‍ധ സെഞ്ചുറി കണ്ടെത്തി. 92 പന്തില്‍ ഏഴു ഫോറിന്റെ സഹായത്തോടെ 54 റണ്‍സാണ് വിശ്വരാജ് നേടിയത്. 14 റണ്‍സെടുത്ത് ഷെല്‍ഡണ്‍ ജാക്ക്‌സണും നാല് റണ്‍സെടുത്ത ചേതന്‍ സകരിയയുമാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍.

ബംഗാളിനായി 14.5 ഓവറില്‍ 41 റണ്‍സ് വഴങ്ങി ആകാശ്ദീപ് മൂന്നു വിക്കറ്റ് വീഴ്ത്തി. ഓരോ വിക്കറ്റുമായി ഇഷാന്‍ പൊരേലും ഷഹബാസും ആകാശ്ദീപിന് പിന്തുണ നല്‍കി.

Content Highlights: Ranji Trophy Cricket Final Saurashtra vs Bengal First Day