രാജ്‌കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ബംഗാളിനെതിരേ സൗരാഷ്ട്രയ്ക്ക് മികച്ച സ്‌കോര്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സെന്ന നിലയിലാണ് സൗരാഷ്ട്ര. 13 റണ്‍സോടെ ചിരാഗ് ജാനിയും ഡിഎ ജഡേജയുമാണ് ക്രീസില്‍.

അഞ്ചിന് 206 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രയ്ക്ക് അര്‍പിത് വാസവദയുടെ സെഞ്ചുറിയാണ് തുണയായത്. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര (66), വിശ്വരാജ് ജഡേജ(54), അവി ബരോത് (54) എന്നിവരും സൗരാഷ്ട്രക്കായി മികച്ച പ്രകടനം പുറത്തെടുത്തു. 11 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു വാസവദയുടെ സെഞ്ചുറി ഇന്നിങ്‌സ്. 

ബംഗാളിനായി ആകാശ് ദീപ് മൂന്നു വിക്കറ്റ് വീഴ്ത്തി. ഷഹബാസ്, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ഇഷാന്‍ പൊരേല്‍ ഒരു വിക്കറ്റെടുത്തു. ആദ്യ ദിനം ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ക്രീസ് വിട്ട പൂജാര വിശ്രമത്തിന് ശേഷം രണ്ടാം ദിനം തിരിച്ചെത്തുകയായിരുന്നു. 237 പന്ത് നേരിട്ടാണ് പൂജാര 66 റണ്‍സെടുത്തത്. 

Content Highlights: Ranji Trophy Cricket Final Saurashtra vs Bengal Day 2