ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ ഹൈദരാബാദിന്‌ ലീഡ്. ഒന്നാമിന്നിങ്‌സില്‍ 228 റണ്‍സിന് പുറത്തായ ഹൈദരാബാദ് 64 റണ്‍സ് ലീഡ് നേടി. നേരത്തെ കേരളം ആദ്യ ഇന്നിങ്സില്‍ 164 റണ്‍സിന് പുറത്തായിരുന്നു. 

ഹൈദരാബാദിനായി സുമന്ത് കൊല്ല സെഞ്ചുറി അടിച്ചു. 184 പന്തില്‍ 14 ഫോറിന്റെ സഹായത്തോടെ 111 റണ്‍സ് നേടി സുമന്ത് പുറത്താകാതെ നിന്നു. എന്നാല്‍ മറ്റു ബാറ്റ്‌സ്മാന്‍ക്കൊന്നും തിളങ്ങാനായില്ല. സുമന്തിന്റെ ഒറ്റയാള്‍ പ്രകടനമാണ് ഹൈദരാബാദിന് ലീഡ് സമ്മാനിച്ചത്. 

കേരളത്തിനായി സന്ദീപ് വാര്യര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. 21.5 ഓവറില്‍ 68 റണ്‍സ് വഴങ്ങിയായിരുന്നു സന്ദീപിന്റെ അഞ്ചു വിക്കറ്റ് പ്രകടനം. ബേസില്‍ തമ്പി മൂന്നു വിക്കറ്റെടുത്തു. അക്ഷയ് ചന്ദ്രന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. 

നേരത്തേ, അക്ഷയ് ചന്ദ്രന്റെ (31*) ചെറുത്തുനില്‍പ്പാണ് കേരളത്തെ 164 റണ്‍സിലെത്തിച്ചത്. ഹൈദരാബാദിനുവേണ്ടി രവികിരണും മുഹമ്മദ് സിറാജും നാലുവിക്കറ്റ് വീതം എടുത്തു.

 

Content Highlights: Ranji Trophy Cricket 2020 Kerala vs Hyderabad