Photo: twitter.com/BCCI
ബെംഗളൂരു: കരുത്തരായ മുംബൈയെ കലാശപ്പോരില്‍ ആറു വിക്കറ്റിന് കീഴടക്കി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി മധ്യപ്രദേശ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ മധ്യപ്രദേശ് നിരയുടെ കന്നി രഞ്ജി കിരീട നേട്ടമാണിത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരിന്റെ അവസാന ദിനം മുംബൈ ഉയര്‍ത്തിയ 108 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മധ്യപ്രദേശ് മറികടന്നു.
സ്കോര്‍: മുംബൈ 374, 269 - മധ്യപ്രദേശ് 536, 108/4.
കഴിഞ്ഞ അഞ്ച് രഞ്ജി സീസണുകളില്‍ നാലിലും പുതിയ ടീമുകളാണ് കിരീടം നേടിയതെന്ന പ്രത്യേകതയുമുണ്ട്. സൗരാഷ്ട്ര, വിദര്‍ഭ, ഗുജറാത്ത് എന്നിവര്‍ക്കൊപ്പം ഇതോടെ മധ്യപ്രദേശും ഇടംനേടി. സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മുംബൈയുടെ സര്‍ഫറാസ് ഖാനാണ് ടൂര്‍ണമെന്റിന്റെ താരം.
അഞ്ചാം ദിനം രണ്ടിന് 113 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച മുംബൈ 269 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ കുമാര്‍ കാര്‍ത്തികേയ രണ്ടുവിക്കറ്റ് വീതം നേടിയ ഗൗരവ് യാദവ്, പാര്‍ഥ് സഹാനി എന്നിവരാണ് മുംബൈക്ക് വിലങ്ങിട്ടത്.
അര്‍ധ സെഞ്ചറി നേടിയ സുവേദ് പാര്‍ക്കര്‍ (51), സര്‍ഫറാസ് ഖാന് (45), പൃഥ്വി ഷാ (44), അര്മാന് ജാഫര്‍ (37) എന്നിവര്‍ക്ക് മാത്രമാണ് മുംബൈക്കായി രണ്ടാം ഇന്നിങ്സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.
പിന്നാലെ 108 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മധ്യപ്രദേശിനായി ഹിമാന്‍ഷു മന്ത്രി (37), ശുഭം ശര്‍മ (30), രജത് പാട്ടിദാര്‍ (30*) എന്നിവര്‍ മികച്ച പ്രകടനം നടത്തി.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ സര്‍ഫറാസ് ഖാന് (134), യശസ്വി ജെയ്സ്വാള്‍ (78), പൃഥ്വി ഷാ (47) എന്നിവരുടെ ഇന്നിങ്സ് മികവില്‍ 374 റണ്‍സെടുത്ത മുംബൈക്കെതിരേ 536 റണ്‍സടിച്ച മധ്യപ്രദേശ് 162 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. യാഷ് ദുബെ (133), ശുഭം ശര്‍മ (116), രജത് പാട്ടിദാര്‍ (122) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് മധ്യപ്രദേശിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..