പൊന്നം രാഹുൽ, സച്ചിൻ ബേബി | Photo: KCA
രാജ്കോട്ട്: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരം സമനിലയില്‍ കലാശിച്ചിട്ടും കേരളം പുറത്ത്. ഒന്നാം ഇന്നിങ്സില്‍ മധ്യപ്രദേശ് നേടിയ 585 റണ്‍സിനെതിരേ ബാറ്റെടുത്ത കേരളത്തിന് മത്സരം അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 432 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
നോക്കൗട്ടില്‍ കടക്കണമെങ്കില്‍ ഒന്നാം ഇന്നിങ്സ് ലീഡ് അനിവാര്യമായിരുന്ന കേരളത്തിനായി ഓപ്പണര്‍ പൊന്നം രാഹുലും ക്യാപ്റ്റന്‍ സച്ചിന് ബേബിയും സെഞ്ചുറികളുമായി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഗ്രൂപ്പ് എയില്‍ മൂന്ന് കളികള്‍ അവസാനിച്ചപ്പോള്‍ കേരളത്തിനും മധ്യപ്രദേശിനും 14 പോയന്റ് വീതമായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ടീം എതിര് ടീമുകള്‍ക്കെതിരേ സ്കോര്‍ ചെയ്ത റണ്‍സും നഷ്ടമാക്കിയ വിക്കറ്റുകളും എതിര് ടീം നേടിയ റണ്‍സും നഷ്ടമാക്കിയ വിക്കറ്റുകളും അടിസ്ഥാനമാക്കിയുള്ള ക്വാഷ്യന്റ് റേറ്റിങ്ങില്‍ കേരളത്തെ പിന്തള്ളിയ മധ്യപ്രദേശ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുകയായിരുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് അവസാനിക്കാതിരുന്നതോടെയാണ് ക്വാഷ്യന്റ് റേറ്റിങ് കണക്കാക്കേണ്ടിവന്നത്.
ഗ്രൂപ്പില്‍ നടന്ന മത്സരങ്ങളില്‍ മധ്യപ്രദേശ് മറ്റു ടീമുകള്‍ക്കെതിരേ സ്കോര്‍ ചെയ്ത ആകെ റണ്‍സ് 1609 ആണ്, നഷ്ടപ്പെടുത്തിയത് 35 വിക്കറ്റുകളും. മറ്റു ടീമുകള്‍ 1049 റണ്‍സാണ് മധ്യപ്രദേശിനെതിരേ സ്കോര്‍ ചെയ്തത്. എതിര് ടീമുകളുടെ 49 വിക്കറ്റുകള്‍ മധ്യപ്രദേശ് വീഴ്ത്തി. ഇതോടെ 2.147 എന്ന ക്വാഷ്യന്റില് ടീം എത്തി.
കേരളം ഗ്രൂപ്പ് എയില്‍ മറ്റു ടീമുകള്‍ക്കെതിരേ സ്കോര്‍ ചെയ്ത ആകെ റണ്‍സ് 1590 ആണ്, 30 വിക്കറ്റുകളാണ് നഷ്ടപ്പെടുത്തിയത്. മറ്റു ടീമുകള്‍ കേരളത്തിനെതിരേ 1576 റണ്‍സ് സ്കോര്‍ ചെയ്തു. 49 വിക്കറ്റുകള്‍ കേരളം വീഴ്ത്തി. ഇതോടെ ടീമിന്റെ ക്വാഷ്യന്റ് 1.648 ആയി. ഇതോടെ കേരളത്തെ മറികടന്ന് മധ്യപ്രദേശ് നോക്കൗട്ടിലേക്ക് മുന്നേറുകയായിരുന്നു. മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തിയത് കേരളത്തിന് തിരിച്ചടിയായി.
ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ പൊന്നം രാഹുലും രോഹന് കുന്നുമ്മലും തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 129 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 110 പന്തില്‍ നിന്ന് എട്ട് ഫോറടക്കം 75 റണ്‍സെടുത്ത രോഹനെ പുറത്താക്കി മിഹിര്‍ ഹിര്‍വാനിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നാലെ കാര്യമായ സംഭാവനകളില്ലാതെ വത്സല്‍ ഗോവിന്ദ് (15) മടങ്ങി. എങ്കിലും രണ്ടാം വിക്കറ്റില്‍ രാഹുലിനൊപ്പം 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഗോവിന്ദിനായി.
തുടര്‍ന്നായിരുന്നു കേരളം കളിയില്‍ ആധിപത്യം നേടിയ രാഹുല്‍ - സച്ചിന് ബേബി കൂട്ടുകെട്ടിന്റെ പിറവി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഈ സഖ്യം 187 റണ്‍സാണ് കേരള സ്കോറിലേക്ക് ചേര്‍ത്തത്. 234 പന്തില്‍ നിന്ന് രണ്ട് സിക്സും 11 ഫോറുമടക്കം 114 റണ്‍സെടുത്ത സച്ചിന് ബേബി മടങ്ങിയതോടെ കേരളത്തിന് മത്സരത്തിലുള്ള പിടി വിട്ടുപോകുകയായിരുന്നു. ബേബിക്ക് പിന്നാലെ രാഹുലിനെ ഈശ്വര്‍ പാണ്ഡെ മടക്കി. 368 പന്തില്‍ നിന്ന് 18 ഫോറടക്കം 136 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.
തുടര്‍ന്ന് കേരളത്തിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. സല്മാന് നിസാര്‍ (1), വിഷ്ണു വിനോദ് (8), ജലജ് സക്സേന (20), സിജോമോന്‍ ജോസഫ് (12) എന്നിവര്‍ക്കാര്‍ക്കും തന്നെ ലീഡ് നേടാന്‍തക്ക ബാറ്റിങ് പുറത്തെടുക്കാനായില്ല.
മധ്യപ്രദേശിനായി ഈശ്വര്‍ പാണ്ഡെ, അനുഭവ് അഗര്‍വാള്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. കാര്‍ത്തികേയ സിങ് രണ്ടു വിക്കറ്റെടുത്തു.
നേരത്തെ രണ്ടു ദിവസം പൂര്‍ണമായും മൂന്നാം ദിനം ആദ്യ സെഷനുമടക്കം 204.3 ഓവര്‍ ബാറ്റ് ചെയ്താണ് മധ്യപ്രദേശ് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 585 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ഇരട്ടസെഞ്ചുറി നേടിയ ഓപ്പണര്‍ യാഷ് ദുബെയുടെ ക്ഷമയാര്ന്ന ബാറ്റിങ്ങാണ് അവരെ കൂറ്റര്‍ സ്കോറിലെത്തിച്ചത്. 591 പന്തുകള്‍ നേരിട്ട ദുബെ, 35 ഫോറും രണ്ടു സിക്സും സഹിതം 289 റണ്‍സെടുത്തു. രജത് പട്ടിദര്‍ സെഞ്ചുറിയുമായി ദുബെയ്ക്ക് ഉറച്ച പിന്തുണ നല്കി. 327 പന്തുകള്‍ നേരിട്ട് 23 ഫോറടക്കം 142 റണ്‍സെടുത്താണ് രജത് പുറത്തായത്.
Content Highlights: Ranji Trophy 2022 Kerala crash out on run quotient against madhya-pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..