കുമാർ കുശാഗ്രയുടെ സെഞ്ചുറി ആഘോഷം | Photo: BCCI Domestic
കൊല്‍ക്കത്ത: ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ റണ്‍മല പടുത്തുയര്‍ത്തി എംഎസ് ധോനിയുടെ പിന്മുറക്കാര്. നാഗാലാന്‍ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് പ്രീ ക്വാര്‍ട്ടറില്‍ ആദ്യം ബാറ്റു ചെയ്ത ജാര്‍ഖണ്ഡ് ഒന്നാമിന്നിങ്സില്‍ നേടിയത് 880 റണ്‍സ്! രഞ്ജിയുടെ ചരിത്രത്തില്‍ ഒരു ഇന്നിങ്സില്‍ പിറക്കുന്ന ഏറ്റവുമുയര്‍ന്ന നാലാമത്തെ മാത്രം സ്കോറാണിത്. കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഇത്രയും വലിയ സ്കോര്‍ ഒരു ടീം പടുത്തുയര്‍ത്തുന്നത് ആദ്യമായിട്ടാണ്.
ഇരട്ടസെഞ്ചുറിയുമായി ടീമിനെ നയിച്ച പതിനേഴുകാരന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ കുശാഗ്രയാണ് ജാര്‍ഖണ്ഡിന്റെ ടോപ് സ്കോറര്‍. 269 പന്തുകള്‍ നേരിട്ട് കുശ്രാഗ 37 ഫോറും രണ്ടു സിക്സും സഹിതം 266 റണ്‍സെടുത്തു. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 250 റണ്‍സിലധികം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് കുശാഗ്രയ്ക്ക് സ്വന്തമായി. പാകിസ്താന്റെ സൂപ്പര്‍താരം ജാവേദ് മിയാന്‍ദാദിന്റെ റെക്കോഡാണ് ഇന്ത്യന്‍ യുവതാരം മറികടന്നത്.
എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ ഷഹബാസ് നദീമാണ് ജാര്‍ഖണ്ഡിനായി രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ നേടിയത്. 304 പന്തില്‍ നിന്ന് 177 റണ്‍സെടുത്ത് നദീം പത്തമനായി പുറത്തായി. വിരാട് സിങ്ങും സെഞ്ചുറി സ്വന്തമാക്കി. 155 പന്തുകള്‍ നേരിട്ട് വിരാട് 13 ഫോറുകള്‍ ഉള്‍പ്പെടെ 107 റണ്‍സാണ് നേടിയത്.
ശ്രദ്ധേയമായ മറ്റൊരു ഇന്നിങ്സ് പുറത്തെടുത്തത് പതിനൊന്നാമനായി ക്രീസിലെത്തിയ രാഹുല്‍ ശുക്ലയാണ്. ശുക്ല 85 റണ്‍സോടെ പുറത്താകാതെ നിന്നു. 149 പന്തില്‍ ഏഴു ഫോറും ആറു സിക്സും സഹിതമായിരുന്നു ഈ ബൗളറുടെ ഇന്നിങ്സ്. 91 പന്തില്‍ 66 റണ്‍സെടുത്ത കുമാര്‍ സൂരജ്, 88 പന്തില്‍ 59 റണ്‍സെടുത്ത അനുകൂല്‍ റോയ് എന്നിവരാണ് മറ്റു അര്‍ധ സെഞ്ചുറിക്കാര്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ചുറിയും മൂന്നു അര്‍ധ സെഞ്ചുറികളുമാണ് ജാര്‍ഖണ്ഡ് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.
എന്നാല്‍ ഇതിനുമപ്പുറം അമ്പരപ്പിക്കുന്ന ഒരു കണക്കിന് കൂടി കാണികള്‍ സാക്ഷിയായി. കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ അതില്‍ ഏറ്റവുമയര്‍ന്ന കൂട്ടുകെട്ട് പിറന്നത് പത്താം വിക്കറ്റിലാണ്. ഷഹബാസ് നദീമും രാഹുല്‍ ശുക്ലയും ചേര്‍ന്ന് 323 പന്തുകള്‍ നേരിട്ട് കൂട്ടിച്ചേര്‍ത്തത് 191 റണ്‍സാണ്! ഇതുകൂടാതെ മൂന്നു സെഞ്ചുറി കൂട്ടുകെട്ട് കൂടി മത്സരത്തിലുണ്ടായി. അഞ്ചാം വിക്കറ്റില്‍ വിരാട് സിങ്ങ്-കുശാഗ്ര സഖ്യം പടുത്തുയര്‍ത്തിയത് 175 റണ്‍സ്, ആറാം വിക്കറ്റില്‍ കുശാഗ്ര-അനുകൂല്‍ റോയ് കൂട്ടുകെട്ട് നേടിയത് 128 റണ്‍സ്, ഏഴാം വിക്കറ്റില്‍ കുശാഗ്ര-ഷഹബാസ് നദീം സഖ്യം കൂട്ടിച്ചേര്‍ത്തത് 166 റണ്‍സ്.
ആകെ 203.4 ഓവര്‍ ബൗള്‍ ചെയ്ത നാഗാലാന്‍ഡ് ബൗളര്‍മാര്‍ തലങ്ങും വിലങ്ങും തല്ലുവാങ്ങി. അഞ്ചു ബൗളര്‍മാരാണ് നൂറിലധികം റണ്‍സ് വഴങ്ങിയത്. 100 റണ്‍സില്‍ കുറവ് റണ്‍സ് വിട്ടുകൊടുത്തത് അബു നെച്ചിം അഹമ്മദും ഹോപോന്ക്യൂവും മാത്രം.
Content Highlights: Ranji Trophy 2022 Jharkhand Break Big Records After Posting Gargantuan Total Of 880 Runs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..