Photo: KCA
തിരുവനന്തപുരം: കര്‍ണാടകയ്ക്കെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തിന്റെ ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ കേരളം ആറു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന നിലയില്‍.
കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങിയ കേരള ഇന്നിങ്സ് താങ്ങിനിര്‍ത്തിയത് മുന്‍ ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെ സെഞ്ചുറിയാണ്. 272 പന്തുകള്‍ നേരിട്ട് ഒരു സിക്സും 12 ഫോറുമടക്കം 116 റണ്‍സോടെ സച്ചിന് ക്രീസിലുണ്ട്. 74 പന്തില്‍ നിന്ന് 31 റണ്‍സുമായി ജലജ് സക്സേനയാണ് സച്ചിന് കൂട്ട്. ഈ സീസണിലെ മൂന്നാം സെഞ്ചുറി കണ്ടെത്തിയ സച്ചിന്റെ 10-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി കൂടിയാണിത്.
ഒരു ഘട്ടത്തില്‍ ആറ് റണ്‍സെടുക്കുന്നതിനിടെ പി. രാഹുല്‍ (0), രോഹന് പ്രേം (0), രോഹന് കുന്നുമ്മല്‍ (5) എന്നിവരെ നഷ്ടമായ കേരളത്തെ നാലാം വിക്കറ്റില്‍ ഒന്നിച്ച സച്ചിന് - വത്സല്‍ ഗോവിന്ദ് സഖ്യമാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 120 റണ്‍സാണ് ഈ കൂട്ടുകെട്ട് കേരള സ്കോറിലേക്ക് ചേര്‍ത്തത്. 116 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളടക്കം 46 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദിനെ പുറത്താക്കി വാസുകി കൗശിക്കാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ സല്മാന് നിസാര്‍ (0) അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. അക്ഷയ് ചന്ദ്രന് 17 റണ്‍സെടുത്ത് പുറത്തായി.
ഏഴാം വിക്കറ്റില്‍ ഒന്നിച്ച സച്ചിന് - ജലജ് സക്സേന സഖ്യം ഇതുവരെ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 36 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ വാസുകി കൗശിക്കാണ് കര്‍ണാടകയ്ക്കായി തിളങ്ങിയത്.
Content Highlights: Ranji Trophy 2022-23 Kerala vs Karnataka Group C match day 1
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..