ഇഷാൻ ഗദേക്കർ | PHOTO: KCA
തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിവസത്തെ കളിയവസാനിക്കുമ്പോള്‍ ഗോവ ഭേദപ്പെട്ട നിലയില്‍. ഒന്നാം ഇന്നിങ്സില്‍ 265 റണ്‍സിന് പുറത്തായ കേരളത്തിനെതിരേ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെന്ന നിലയിലാണ് ഗോവ. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാള്‍ 65 റണ്‍സ് മാത്രം പിന്നിലാണ് ഗോവ.
154 പന്തില്‍ നിന്ന് 76 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന ഇഷാന് ഗദേക്കറാണ് ഗോവയ്ക്കായി തിളങ്ങിയത്. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദര്ശന് മിസാലാണ് ഗദേക്കര്ക്കൊപ്പം ക്രീസില്‍. അമോഗ് ദേശായ് (29), സുയാശ് പ്രഭുദേശായ് (3), സ്നേഹല്‍ കൗതാങ്കര്‍ (7), സിദ്ധേഷ് ലാഡ് (35), ഏക്നാഥ് കെര്കാര് (6) എന്നിവരാണ് പുറത്തായ താരങ്ങള്‍.
കേരളത്തിനായി ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് മൂന്ന് വിക്കറ്റും വൈശാഖ് ചന്ദ്രനും ജലജ് സക്സേനയും ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ രണ്ടാം ദിനം അഞ്ചിന് 247 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളം 265 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ആദ്യദിവസത്തെ സ്കോറിനോട് 18 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് കേരളത്തിന്റെ അവശേഷിച്ച അഞ്ചുവിക്കറ്റുകള്‍ നഷ്ടമായത്. വെറും 5.3 ഓവറുകള്‍ക്കിടെയാണ് കേരളത്തിന്റെ അവസാന അഞ്ചുവിക്കറ്റുകള്‍ വീണത്.
ഗോവയ്ക്കായി ലക്ഷയ് ഗാര്‍ഗ് നാലു വിക്കറ്റ് വീഴ്ത്തി. അര്ജുന് തെണ്ടുല്‍ക്കറും ശുഭം ദേശായിയും രണ്ടു വിക്കറ്റ് വീതം നേടി.
സെഞ്ചുറി നേടിയ രോഹന് പ്രേം (112) തലേദിവസത്തെ സ്കോറിന് പുറത്തായി. ജലജ് സക്സേന (12), വൈശാഖ് ചന്ദ്രന് (0), സിജോമോന്‍ ജോസഫ് (7) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
Content Highlights: Ranji Trophy 2022-23 Kerala vs Goa Elite Group C match day 2
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..