ഇഷാൻ ഗദേക്കർ | PHOTO: KCA
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയോട് ഏഴുവിക്കറ്റിന്റെ തോല്‍വി വഴങ്ങി കേരളം. രണ്ടാം ഇന്നിങ്സില്‍ ജയിക്കാനാവശ്യമായ 155 റണ്‍സ് ഗോവ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
സ്കോര്‍: കേരളം - 265/10, 200/10, ഗോവ - 311/10, 157/3.
ഒന്നാം ഇന്നിങ്സില്‍ 265 റണ്‍സെടുത്ത കേരളത്തെ രണ്ടാം ഇന്നിങ്സില്‍ ഗോവ 200 റണ്‍സില്‍ ഒതുക്കുകയായിരുന്നു. 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ഗോവയ്ക്ക് നേട്ടമായി. 138 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത രോഹന് പ്രേമായിരുന്നു രണ്ടാം ഇന്നിങ്സിലും കേരളത്തിന്റെ ടോപ് സ്കോറര്‍. രോഹനെ കൂടാതെ രോഹന് കുന്നുമ്മല്‍ (34), ജലജ് സക്സേന (34) എന്നിവര്‍ക്ക് മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.
ഷോണ്‍ റോജര്‍ (11), പി. രാഹുല്‍ (16), സച്ചിന് ബേബി (4), അക്ഷയ് ചന്ദ്രന് (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. ആറ് വിക്കറ്റ് വീഴ്ത്തിയ മോഹിത് റെഡ്കറാണ് കേരളത്തെ തകര്‍ത്തത്. ശുഭം ദേശായ് രണ്ട് വിക്കറ്റെടുത്തു.
155 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗോവ 48.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 136 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത ഇഷാന് ഗദേക്കറാണ് രണ്ടാം ഇന്നിങ്സിലും ഗോവയ്ക്കായി തിളങ്ങിയത്. സിദ്ധേഷ് ലാഡ് 33 റണ്‍സുമായി പുറത്താകാതെ നിന്നു. അമോഗ് സുനില്‍ ദേശായ് (23), സുയാഷ് പ്രഭുദേശായ് (14), സ്നേഹല്‍ കൗതാങ്കര്‍ (13) എന്നിവരാണ് പുറത്തായ താരങ്ങള്‍.
കേരളത്തിനായി ജലജ് സക്സേന, ക്യാപ്റ്റന്‍ സിജോമോന്‍, വൈശാഖ് ചന്ദ്രന് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തോറ്റെങ്കിലും ഗ്രൂപ്പ് സിയില്‍ നാല് കളികളില്‍ നിന്ന് 13 പോയന്റുമായി കേരളം തന്നെയാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് കളികളില്‍ നിന്നായി 13 പോയന്റ് വീതമുള്ള ഛത്തീസ്ഗഢും കര്‍ണാടകയും തൊട്ടുപിന്നാലെയുണ്ട്.
Content Highlights: Ranji Trophy 2022-23 goa beat Kerala in Group C
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..