ധര്‍മശാല: രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ചുറി കുറിച്ച് ഓരാഴ്ച കഴിയും മുമ്പേ ഒരു ഇരട്ട സെഞ്ചുറി കൂടി സ്വന്തം പേരിലാക്കി മുംബൈ താരം സര്‍ഫറാസ് ഖാന്‍. ധര്‍മശാലയില്‍ ഹിമാചല്‍ പ്രദേശിനെതിരെയുള്ള മത്സരത്തിലാണ് സര്‍ഫറാസ് ഇരട്ട സെഞ്ചുറി നേടിയത്. ഉത്തര്‍പ്രദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയതിനു പിന്നാലെയാണ് സര്‍ഫറാസിന്റെ ഈ പ്രകടനം. 

199 പന്തില്‍ നിന്ന് ഡബിള്‍ തികച്ച സര്‍ഫറാസ് 213 പന്തില്‍ നിന്ന് നാലു സിക്‌സും 32 ഫോറുമടക്കം 226 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. അതേസമയം ചൊവ്വാഴ്ച താരം തുടര്‍ച്ചയായ രണ്ടാം ട്രിപ്പിള്‍ തികയ്ക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

സര്‍ഫറാസ് തകര്‍ത്തടിച്ചപ്പോള്‍ ഹിമാചലിനെതിരായ മത്സരത്തിന്റെ ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സെന്ന നിലയിലാണ് മുംബൈ. സര്‍ഫറാസിനൊപ്പം 44 റണ്‍സുമായി ശുഭം രഞ്ജനയാണ് ക്രീസില്‍. ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയില്‍ തകര്‍ന്ന മുംബൈ പിന്നീട് മികച്ച നിലയിലെത്തിയത് സര്‍ഫറാസിന്റെ ഇന്നിങ്‌സ് കാരണമാണ്.

നേരത്തെ ഉത്തര്‍പ്രദേശിനെതിരായ കഴിഞ്ഞ മത്സരത്തിലാണ് താരം ട്രിപ്പിള്‍ നേടിയത്. ഉത്തര്‍പ്രദേശിനതിരേ 397 പന്തുകള്‍ നേരിട്ട സര്‍ഫറാസ് 30 ഫോറും എട്ടു സിക്‌സും സഹിതം 301 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇതോടെ തമിഴ്‌നാടിന്റെ ഡബ്ല്യു.വി രാമനു ശേഷം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഒരു ട്രിപ്പില്‍ സെഞ്ചുറിയും അടുത്ത മത്സരത്തില്‍ തന്നെ ഡബിള്‍ സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സര്‍ഫറാസ് സ്വന്തമാക്കി. 1989-ല്‍ 313, 200* എന്നിങ്ങനെയായിരുന്നു രാമന്റെ സ്‌കോറുകള്‍.

ഇതോടെ രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ മുംബൈ താരമെന്ന നേട്ടവും സര്‍ഫറാസ് നേടിയിരുന്നു. അജിത് വഡേക്കര്‍, വിജയ് മെര്‍ച്ചന്റ്, സുനില്‍ ഗാവസ്‌കര്‍, സഞ്ജയ് മഞ്ജരേക്കര്‍, വസീം ജാഫര്‍, രോഹിത് ശര്‍മ എന്നിവരാണ് മുംബൈക്കായി ട്രിപ്പിള്‍ നേടിയ മറ്റു താരങ്ങള്‍. ഇതില്‍ വസീം ജാഫറിന്റെ പേരില് രണ്ട് ട്രിപ്പിള്‍ സെഞ്ചുറികളുണ്ട്. ചൊവ്വാഴ്ച സര്‍ഫറാസിന് സ്വന്തമാക്കാന്‍ ഈ നേട്ടം കൂടിയുണ്ട്.

Content Highlights: Ranji Trophy 2019-20 Sarfaraz Khan follows up triple hundred with double