തിരുവനന്തപുരം: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ ഒമ്പത് റണ്‍സ് ലീഡുമായി ബാറ്റിങ് തുടങ്ങിയ കേരളം രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ്. ഇപ്പോള്‍ കേരളത്തിന് 97 റണ്‍സ് ലീഡ് മാത്രമാണുള്ളത്.

മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), സല്‍മാന്‍ നിസാര്‍ (7) എന്നിവരാണ് ക്രീസില്‍. റോബിന്‍ ഉത്തപ്പ (0), രോഹന്‍ പ്രേം (17), അക്ഷയ് ചന്ദ്രന്‍ (31), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (10) എന്നിവരാണ് പുറത്തായ താരങ്ങള്‍. നാലു വിക്കറ്റ് വീഴ്ത്തിയ ഗുര്‍കീരത് മാനാണ് കേരളത്തെ തകര്‍ത്തത്. 

നേരത്തെ ഏഴു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷിന്റെ മികവില്‍ പഞ്ചാബിനെ 218 റണ്‍സിന് പുറത്താക്കിയ കേരളം ഒമ്പത് റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.

21 ഓവര്‍ എറിഞ്ഞ നിധീഷ് 88 റണ്‍സ് വഴങ്ങിയാണ് ഏഴു വിക്കറ്റ് വീഴ്ത്തിയത്. നിധീഷിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. റോബിന്‍ ഉത്തപ്പ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. രോഹന്‍ പ്രേം (15), അക്ഷയ് ചന്ദ്രന്‍ (15) എന്നിവരാണ് ക്രീസില്‍.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങാണ് (71* പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ എട്ടിന് 151 റണ്‍സെന്ന നിലയിലായിരുന്ന പഞ്ചാബിനെ ഒമ്പതാം വിക്കറ്റില്‍ മന്‍ദീപ് - സിദ്ധാര്‍ഥ് കൗള്‍ (25) കൂട്ടിച്ചേര്‍ത്ത 48 റണ്‍സാണ് പഞ്ചാബിനെ 200 കടക്കാന്‍ സഹായിച്ചത്. ഗുര്‍കീരത് മാന്‍ (37), അന്‍മോല്‍ മല്‍ഹോത്ര (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ കേരളം 227 റണ്‍സിന് പുറത്തായിരുന്നു. ആറിന് 89 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കേരളത്തെ 91 റണ്‍സുമായി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാറാണ് 200 കടത്തിയത്. കേരളത്തിനായി ഏഴാം വിക്കറ്റില്‍ സല്‍മാന്‍ - അക്ഷയ് ചന്ദ്രന്‍ സഖ്യം 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 157 പന്തില്‍ 10 ഫോറും രണ്ടു സിക്‌സും സഹിതമാണ് സല്‍മാന്‍ 91 റണ്‍സെടുത്തത്.

Content Highlights: Ranji Trophy 2019-20 Kerala vs Punjab day 2