തിരുവനന്തപുരം: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ കേരളം 227 റണ്‍സിന് പുറത്തായി. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ പഞ്ചാബ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയിലാണ്. 

തുമ്പയിലെ സെന്റ് സേവ്യേഴ്‌സ് മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഈ മത്സരത്തിലും ബാറ്റിങ് തകര്‍ച്ച നേരിട്ടു. ആറിന് 89 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കേരളത്തെ 91 റണ്‍സുമായി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാറാണ് 200 കടത്തിയത്.

ഏഴാം വിക്കറ്റില്‍ സല്‍മാന്‍ - അക്ഷയ് ചന്ദ്രന്‍ സഖ്യം 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 157 പന്തില്‍ 10 ഫോറും രണ്ടു സിക്‌സും സഹിതമാണ് സല്‍മാന്‍ 91 റണ്‍സെടുത്തത്. അക്ഷയ് 28 റണ്‍സെടുത്തു. റോബിന്‍ ഉത്തപ്പ 48 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്തി.

മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), ജലജ് സക്‌സേന (0), രോഹന്‍ പ്രേം (2), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (9) എന്നിവര്‍ നിരാശപ്പെടുത്തി. വിഷ്ണു വിനോദ് 20 റണ്‍സെടുത്തു.

പഞ്ചാബിനായി സിദ്ധാര്‍ഥ് കൗള്‍, ബാല്‍തേജ് സിങ്, വിനയ് ചൗധരി എന്നിവര്‍ മൂന്നും ഗുര്‍കീരത് മാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

Content Highlights: Ranji Trophy 2019-20 kerala vs Punjab day 1