തിരുവനന്തപുരം: ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് മേല്‍ക്കൈ. ഒന്നാം ഇന്നിങ്‌സില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 525 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത കേരളം ഡല്‍ഹിയെ 142 റണ്‍സിന് പുറത്താക്കി 383 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.

ഫോളോഓണ്‍ ചെയ്യുന്ന ഡല്‍ഹി വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെന്ന നിലയിലാണ്. 

ആറു വിക്കറ്റെടുത്ത ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയുടെ മികവിലാണ് കേരളം, ഡല്‍ഹിയെ 142 റണ്‍സിന് പുറത്താക്കിയത്. സിജോമോന്‍ ജോസഫ് രണ്ടു വിക്കറ്റും കെ. മോനിഷ്, സന്ദീപ് വാരിയര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി സക്‌സേനയ്ക്ക് ഉറച്ച പിന്തുണ നല്‍കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സക്‌സേനയുടെ 18-ാം അഞ്ചു വിക്കറ്റ് നേട്ടമാണിത്. നിതീഷ് റാണ (25), വാലറ്റക്കാരന്‍ നവ്ദീപ് സെയ്‌നി (25) എന്നിവരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍മാര്‍.

റോബിന്‍ ഉത്തപ്പ (102), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (155), പി. രാഹുല്‍ (97), സല്‍മാന്‍ നിസാര്‍ (77) എന്നിവരുടെ മികവിലാണ് കേരളം ഒന്നാം ഇന്നിങ്‌സില്‍ 525 റണ്‍സെടുത്തത്. 

കേരളത്തിനായുള്ള രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയുമായി തിളങ്ങിയ റോബിന്‍ ഉത്തപ്പ 221 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 102 റണ്‍സെടുത്ത് പുറത്തായി. ഉത്തപ്പയുടെ 22-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയായിരുന്നു ഇത്. 


രഞ്ജിയില്‍ ആറാം സെഞ്ചുറി നേടിയ സച്ചിന്‍ ബേബി 274 പന്തുകള്‍ നേരിട്ട് 13 ബൗണ്ടറികളോടെ 155 റണ്‍സെടുത്തു. രഞ്ജി ട്രോഫിയില്‍ സച്ചിന്‍ 3000 റണ്‍സും തികച്ചു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ കേരള താരമാണ് സച്ചിന്‍.

ആറാം വിക്കറ്റില്‍ സല്‍മാന്‍ നിസാര്‍ - സച്ചിന്‍ സഖ്യം 156 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാഹുലും സക്‌സേനയും ഓപ്പണിങ് വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഉത്തപ്പയും രാഹുലും 118 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Content Highlights: ranji trophy 2019-20 Kerala vs Delhi day 3