തിരുവനന്തപുരം: ഡല്‍ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിലും കേരളത്തിന്റെ മുന്നേറ്റം. റോബിന്‍ ഉത്തപ്പയ്ക്കു പിന്നാലെ രണ്ടാം ദിനം കേരളത്തിനായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സെഞ്ചുറി നേടി. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെന്ന ശക്തമായ നിലയിലാണ് കേരളം.

സച്ചിന്‍ ബേബി (103*), സല്‍മാന്‍ നിസാര്‍ (46*) എന്നിവരാണ് ക്രീസില്‍. ആറാം വിക്കറ്റില്‍ ഇരുവരും ഇതിനോടകം 100 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. 

റോബിന്‍ ഉത്തപ്പയുടെ സെഞ്ചുറി മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന നിലയിലാണ് കേരളം ഒന്നാം ദിനം കളി അവസാനിപ്പിച്ചത്. കേരളത്തിനായുള്ള രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയുമായി തിളങ്ങിയ റോബിന്‍ ഉത്തപ്പ 221 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 102 റണ്‍സെടുത്ത് പുറത്തായി. ഉത്തപ്പയുടെ 22-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയായിരുന്നു ഇത്. സെഞ്ചുറിക്ക് മൂന്നു റണ്‍സകലെ പുറത്തായ പി. രാഹുലും (97) കേരളത്തിനായി ഒന്നാം ദിനം തിളങ്ങി.

ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാഹുലും സക്സേനയും ഓപ്പണിങ് വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഉത്തപ്പയും രാഹുലും കേരളത്തിനെ മുന്നോട്ട് നയിച്ചു. നവദീപ് സെയ്‌നി, പ്രദീപ് സാങ്‌വാന്‍ എന്നിവരടങ്ങുന്ന ഡല്‍ഹി ബൗളിങ്ങിനെ ഇരുവരും ശ്രദ്ധയോടെ നേരിട്ടു. 118 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്. സ്‌കോര്‍ 186-ല്‍ നില്‍ക്കെ രാഹുല്‍ (97), വികാസ് മിശ്രയുടെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങി. 174 പന്ത് നേരിട്ട രാഹുല്‍ 11 ഫോറും രണ്ട് സിക്സും നേടി.

ജലജ് സക്‌സേന (32), വിഷ്ണു വിനോദ് (5), മുഹമ്മദ് അസ്ഹറുദ്ദീന്‍ (15) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കഴിഞ്ഞ സീസണില്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയ കേരളം ഇത്തവണ വിദര്‍ഭ, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ആന്ധ്ര, ഹൈദരാബാദ്, ഗുജറാത്ത്, ബംഗാള്‍ എന്നിവരുള്‍പ്പെടുന്ന ശക്തമായ ഗ്രൂപ്പിലാണ്.

Content Highlights: Ranji Trophy 2019-20 Kerala vs Delhi day 2