വിദര്‍ഭ: രഞ്ജി ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭയ്‌ക്കെതിരായ മത്സരം സമനിലയിലായതോടെ കേരളത്തിന് തിരിച്ചടി. എട്ടു മത്സരങ്ങളില്‍ നിന്ന് വെറും 10 പോയന്റുമായി കേരളം എലൈറ്റ് സി ഗ്രൂപ്പിലേക്ക് വീണു. 

കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ മധ്യപ്രദേശ് വിലപ്പെട്ട ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയതോടെ കേരളത്തിന്റെ വിധി തീരുമാനിക്കപ്പെട്ടു. ഏഴു മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി മധ്യപ്രദേശ് 16-ാം സ്ഥാനം ഉറപ്പിച്ചു.

വിദര്‍ഭയ്‌ക്കെതിരായ മത്സരത്തിന്റെ മൂന്നും നാലും ദിനങ്ങള്‍ മഴയും പിച്ചിലെ ഈര്‍പ്പവും കാരണം നഷ്ടപ്പെട്ടതോടെയാണ് മത്സരം സമനിലയായതായി പ്രഖ്യാപിച്ചത്. 18 ടീമുകളുള്ള എലൈറ്റ് എ, ബി ഗ്രൂപ്പില്‍ 17-ാം സ്ഥാനത്താണ് കേരളം. ഏഴു മത്സരങ്ങളില്‍ നിന്ന് ആറു പോയന്റ് മാത്രമുള്ള ഹൈദരാബാദാണ് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാര്‍.

രഞ്ജി ട്രോഫി സീസണിലെ എട്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ കേരളത്തിനെതിരേ 326 റണ്‍സെടുത്തു. എന്നാല്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ മഴ തടസപ്പെടുത്തിയ കളി പിന്നീട് പുനഃരംഭിക്കാന്‍ സാധിക്കാതെ വന്നതോടെ ഇരു ടീമുകളും ഓരോ പോയന്റ് വീതം പങ്കിട്ടു.

2017-18 സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും, 2018-19 സീസണില്‍ സെമി ഫൈനലിലുമെത്തി ചരിത്രമെഴുതിയ കേരളത്തിനാണ് ഈ സീസണ്‍ വന്‍ തിരിച്ചടിയായത്.

Content Highlights: Ranji Trophy 2019-20 Kerala relegated as match against vidharbha ends in draw