തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കരുത്തരായ പഞ്ചാബിനെതിരേ കേരളത്തിന് ജയം. 21 റണ്‍സിനാണ് കേരളം പഞ്ചാബിനെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 124 റണ്‍സിന് പുറത്തായി.

ഏഴു വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് പഞ്ചാബിനെ തകര്‍ത്തത്. സ്‌കോര്‍ കേരളം: 227 & 136, പഞ്ചാബ്: 218 & 124. ഈ സീസണില്‍ കേരളത്തിന്റെ ആദ്യ ജയമാണിത്. 

ഒരു ഘട്ടത്തില്‍ എട്ടിന് 89 റണ്‍സെന്ന നിലയിലായിരുന്ന പഞ്ചാബ് മായങ്ക് മാര്‍ക്കണ്ഡെയുടെയും (23) സിദ്ധാര്‍ഥ് കൗളിന്റെയും (22) മികവില്‍ മത്സരം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍ സ്‌കോര്‍ 122-ല്‍ നില്‍ക്കെ കൗളിനെ പുറത്താക്കി നിധീഷ് കേരളത്തെ കാത്തു. ആദ്യ ഇന്നിങ്‌സില്‍ കേരളത്തിനായി ഏഴു വിക്കറ്റ് വീഴ്ത്തിയത് നിധീഷായിരുന്നു. മായങ്ക് മാര്‍ക്കണ്ഡെയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. പഞ്ചാബ് നിരയില്‍ മൂന്നു പേര്‍ പൂജ്യത്തിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ പഞ്ചാബിനായി 71 റണ്‍സെടുത്ത ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന് രണ്ടാം ഇന്നിങ്‌സില്‍ 10 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ കേരളം 227 റണ്‍സിന് പുറത്തായിരുന്നു. ആറിന് 89 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കേരളത്തെ 91 റണ്‍സുമായി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാറാണ് 200 കടത്തിയത്. 157 പന്തില്‍ 10 ഫോറും രണ്ടു സിക്സും സഹിതമാണ് സല്‍മാന്‍ 91 റണ്‍സെടുത്തത്. പിന്നാലെ പഞ്ചാബിനെ 218 റണ്‍സിന് പുറത്താക്കി കേരളം ഒമ്പത് റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സിലും തകര്‍ച്ച നേരിട്ട കേരളം 136 റണ്‍സിന് പുറത്താകുകയായിരുന്നു.

Content Highlights: Ranji Trophy 2019-20 Kerala beat Punjab