സൂറത്ത്: കേരള ബൗളര്‍മാര്‍ പുറത്തെടുത്ത മികവ് ഗുജറാത്ത് ബൗളര്‍മാരും ആവര്‍ത്തിച്ചപ്പോള്‍ കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഗുജറാത്തിന് 57 റണ്‍സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ ഗുജറാത്തിനെ 127 റണ്‍സിന് പുറത്താക്കിയ കേരളം പക്ഷേ വെറും 70 റണ്‍സിന് ഓള്‍ഔട്ടായി.

നാലു വിക്കറ്റ് വീഴ്ത്തിയ ആര്‍.ബി കലാരിയയും മൂന്നു വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലുമാണ് കേരളത്തെ എറിഞ്ഞിട്ടത്. സി.ടി ഗജ രണ്ടു വിക്കറ്റ് വീഴ്ത്തി. കേരള നിരയില്‍ അഞ്ചുപേര്‍ പൂജ്യത്തിന് പുറത്തായി. 

26 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഉത്തപ്പയും പി. രാഹുലും (17) മാത്രമാണ് കേരളനിരയില്‍ രണ്ടക്കം കടന്നത്. ജലജ് സക്‌സേന, ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, അസ്ഹറുദ്ദീന്‍, ബേസില്‍ തമ്പി, കെ.എം ആസിഫ് എന്നിവര്‍ അക്കൗണ്ട് തുറക്കും മുമ്പ് പവലിയനിലെത്തി. സഞ്ജു സാംസണ്‍ (5), വിഷ്ണു വിനോദ് (8), മോനിഷ് (6) എന്നിങ്ങനെയാണ് മറ്റ് കേരള താരങ്ങളുടെ സ്‌കോറുകള്‍.

നേരത്തെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെ മികവിലാണ് കേരളം, ഗുജറാത്തിനെ ഒന്നാം ഇന്നിങ്സില്‍ വെറും 127 റണ്‍സിന് പുറത്താക്കിയത്. വെറും 26 റണ്‍സ് മാത്രം വഴങ്ങി സക്സേന അഞ്ചു വിക്കറ്റ് വീഴ്ത്തി. കെ.എം ആസിഫ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് വാര്യര്‍, മോനിഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

36 റണ്‍സെടുത്ത കാതന്‍ ഡി. പട്ടേലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. പിയുഷ് ചൗള 32 റണ്‍സെടുത്തു. പി.കെ പഞ്ചല്‍ (10), ബി.എച്ച് മെരായ് (0), ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍ (11), എം.സി ജുനേജ (4), ധ്രുവ് റാവല്‍ (1), അക്ഷര്‍ പട്ടേല്‍ (10), ആര്‍.ബി കലാരിയ (2) എന്നിവര്‍ക്കൊന്നും കേരള ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ടോസ് നേടിയ കേരളം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

നേരത്തെ ഡല്‍ഹിക്കെതിരെ സമനിലയും ബംഗാളിനെതിരെ തോല്‍വിയും വഴങ്ങിയ കേരളം ഇപ്പോള്‍ ഗ്രൂപ്പില്‍ 11-ാം സ്ഥാനത്താണ്.

Content Highlights: ranji trophy 2019-20 GUJARAT VS KERALA