തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ബംഗാളിന് 68 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 239-ന് എതിരേ ബംഗാള്‍ 307 റണ്‍സിന് ഓള്‍ഔട്ടായി.

തുമ്പ സെയ്ന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഓപ്പണര്‍ അഭിഷേക് രാമന്‍ സെഞ്ചുറിയും (110), മനോജ് തിവാരി (51), ഷഹബാസ് അഹമ്മദ് (50) എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് ബംഗാളിന് കരുത്തായത്. മൂന്നാം വിക്കറ്റില്‍ രാമനും മനോജ് തിവാരിയും ചേര്‍ന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആറിന് 236 എന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ബംഗാള്‍ 307 റണ്‍സിന് പുറത്താകുകയായിരുന്നു. കേരളത്തിനായി എസ്. മിഥുന്‍ മൂന്നും ബേസില്‍ തമ്പി, കെ.എസ്. മോനിഷ്, ജലജ് സക്‌സേന എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ കേരളം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ രണ്ടു റണ്‍സെന്ന നിലയിലാണ്. പി. രാഹുലാണ് (0) പുറത്തായത്. അശോക് ദിന്‍ഡയ്ക്കാണ് വിക്കറ്റ്.

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസന്റെ (116) മികവിലാണ് കേരളം ഒന്നാം ഇന്നിങ്‌സില്‍ 239 റണ്‍സെടുത്തത്. 182 പന്തില്‍ 16 ബൗണ്ടറികളും ഒരു സിക്സും സഹിതമാണ് സഞ്ജു 116 റണ്‍സെടുത്തത്. റോബിന്‍ ഉത്തപ്പ 50 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ 138 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു - ഉത്തപ്പ സഖ്യമാണ് കേരളത്തെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ആദ്യമത്സരത്തില്‍ ഡല്‍ഹിയോട് സമനില വഴങ്ങിയെങ്കിലും കേരളത്തിന് ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തില്‍ മൂന്ന് പോയന്റ് ലഭിച്ചിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയില്‍ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം.

Content Highlights: Ranji Trophy 2019-20 Bengal first innings lead against Kerala