കൃഷ്ണഗിരി (വയനാട്): രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരേ ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം. 23 റണ്‍സ്  ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളം 171 റണ്‍സിന് പുറത്തായി. 56 റണ്‍സെടുത്ത സിജോമോനാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. കലാരിയയും അക്‌സര്‍ പട്ടേലും ഗുജറാത്തിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നാഗ്വാസ്വല്ല രണ്ട് വിക്കറ്റെടുത്തു. 

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. അസ്ഹറുദ്ദീനെ ഗജ വിക്കറ്റിന് മുന്നില്‍ കുരുക്കി. നേരിട്ട മൂന്നാം പന്തിലായിരുന്നു അസ്ഹറുദ്ദീന്റെ വിക്കറ്റ്. അടുത്ത ഊഴം രാഹുലിന്റേതായിരുന്നു. 32 പന്തില്‍ 10 റണ്‍സെടുത്ത രാഹുലിനെ നാഗേസ്വല്ല പുറത്താക്കുകയായിരുന്നു. പിന്നീട് വിനൂപും സിജോമോനും ചേര്‍ന്ന് പ്രതിരോധിക്കാന്‍ തുടങ്ങി. 22 റണ്‍സെടുത്ത ഈ കൂട്ടുകെട്ടിനെ അക്‌സര്‍ പട്ടേല്‍ പൊളിച്ചു. 16 റണ്‍സെടുത്ത് നില്‍ക്കെ വിനൂപ് വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.

അടുത്തത് സച്ചിന്‍ ബേബിയും സിജോമോനും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു. 39 റണ്‍സെടുത്ത കൂട്ടുകെട്ട് ഉച്ചഭക്ഷണത്തിന് മുമ്പ് തകര്‍ന്നു. 43 പന്തില്‍ 24 റണ്‍സടിച്ച കേരള ക്യാപ്റ്റനെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി. അഞ്ച് ഓവറിനുള്ളില്‍ അടുത്ത വിക്കറ്റും വീണു. വിഷ്ണു വിനോദിനെ (9) നാഗ്വാസ്വല്ല കഥാന്റെ കൈയിലെത്തിക്കുകയായിരുന്നു. 

പിന്നീട് ക്രീസിലെത്തിയ ജലജ് സക്‌സേന സിജോമോന് യോജിച്ച കൂട്ടായി. ഇരുവരും സ്‌കോറിങ് വേഗത കൂട്ടി. 53 റണ്‍സിന്റെ ഈ നിര്‍ണായക കൂട്ടുകെട്ട് സിജോമോനെ പുറത്താക്കി കലേരിയ പൊളിക്കുകയായിരുന്നു. 148 പന്തില്‍ എട്ടു ഫോറടക്കം 56 റണ്‍സടിച്ച സിജോമോന്‍ കേരളത്തിന്റെ ഏക അര്‍ദ്ധ സെഞ്ചുറിക്കാരനായി.

ഇതിനുശേഷം  കേരളത്തിന്റെ കൂട്ടത്തകര്‍ച്ചയായിരുന്നു. സിജോമോന്‍ പുറത്തായി തൊട്ടടുത്ത പന്തില്‍ ബേസില്‍ തമ്പിയേയും കലേരിയ തിരിച്ചയച്ചു.

തൊട്ടടുത്ത ഓവറില്‍ സന്ദീപ് വാര്യരും പുറത്തായി. ആറു പന്ത് നേരിട്ട സന്ദീപിനെ പിയൂഷ് ചൗള വിക്കറ്റിന് മുന്നില്‍ കുരുക്കി. ഇതോടെ കേരളത്തിന്റെ ഇന്നിങ്‌സ് അവസാനിച്ചുവെന്ന് പ്രതീക്ഷിച്ചതാണ്. എന്നാല്‍ അപ്രതീക്ഷിതമായി പരിക്ക് വകവെയ്ക്കാതെ സഞ്ജു ക്രീസിലെത്തി. ഇതോടെ എട്ടു റണ്‍സ് കൂടി കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡിലെത്തി. ഒറ്റക്കൈ കൊണ്ട് എട്ടു പന്ത് ബ്ലോക്ക് ചെയ്ത സഞ്ജുവിനെ അക്‌സര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 67 പന്തില്‍ 44 റണ്‍സുമായി ജലജ് പുറത്താകാതെ നിന്നു.

ബേസിലും നിധീഷും സന്ദീപും കസറി, ഗുജറാത്ത് ആദ്യ ഇന്നിങ്‌സില്‍ 162ന് പുറത്ത്

കേരളത്തിന്റെ പേസ് ബൗളിങ്ങിന് മുന്നില്‍ മുട്ടുവിറച്ച് ഗുജറാത്തിന്റെ ആദ്യ ഇന്നിങ്‌സ് 162 റണ്‍സിന് അവസാനിച്ചു. ഇതോടെ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 23 റണ്‍സ് ലീഡ് കിട്ടി. 

നാല് വിക്കറ്റിന് 97 എന്ന നിലയില്‍ രണ്ടാം ദിനം കളി തുടങ്ങിയ ഗുജറത്തിന് മൂന്നാം ഓവറില്‍ തന്നെ  ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 14 റണ്‍സെടുത്ത റിജുള്‍ ഭട്ടിനെ സന്ദീപ് വാര്യര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. തൊട്ടടുത്ത ഓവറില്‍ ധ്രുവ് റാവലിനെ ബേസില്‍ തമ്പി ക്ലീന്‍ ബൗള്‍ഡാക്കി. 52 പന്തില്‍  17 റണ്‍സായിരുന്നു ധ്രുവ് റാവലിന്റെ സമ്പാദ്യം. രണ്ട് പന്തില്‍ ഒരു റണ്ണെടുത്ത അക്‌സര്‍ പട്ടേലിനെ സന്ദീപ്  വാര്യര്‍ ബൗള്‍ഡാക്കി. 

പിന്നീട് നിധീഷ് എം.ഡിയുടെ ഊഴമായിരുന്നു. 18 പന്തില്‍ 10 റണ്‍സെടുത്ത പിയൂഷ് ചൗളയെ നിധീഷ് ബൗള്‍ഡാക്കി. രണ്ടാം ദിനം തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെയായിരുന്നു നിധീഷിന്റെ വിക്കറ്റ്. ആദ്യ ദിനം എട്ട് ഓവര്‍ എറിഞ്ഞ നിധീഷിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. നാല് പന്തില്‍ ഒരു റണ്ണെടുത്ത ഗജയെ പുറത്താക്കി നിധീഷ് രണ്ടാം വിക്കറ്റെടുത്തു. സഞ്ജുവിന് പകരം ഫീല്‍ഡിങ്ങിനിറങ്ങിയ അരുണ്‍ കാര്‍ത്തിക്കിനായിരുന്നു ക്യാച്ച്. 

ചെറുത്ത് നില്‍പ്പിന് ശ്രമിച്ച കലാരിയയുടതായിരുന്നു അടുത്ത ഊഴം. 54 പന്തില്‍ 36 റണ്‍സടിച്ച കലാരിയയെ നിധീഷ് ബൗള്‍ഡാക്കി. ഇതോടെ ഗുജറാത്ത് ഇന്നിങ്‌സ് അ്‌വസാനിച്ചു. ഏഴു പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ നാഗാസ്വല്ല പുറത്താകാതെ നിന്നു.

നേരത്തെ ഗുജറാത്തിന്റെ പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 185 റണ്‍സിന് അവസാനിച്ചിരുന്നു. കേരളത്തിന്റെ ഒമ്പത് വിക്കറ്റും വീഴ്ത്തിയത് ഗുജറാത്തിന്റെ പേസ് ബൗളര്‍മാരാണ്. 33 പന്തില്‍ 37 റണ്‍സെടുത്ത ബേസില്‍ തമ്പിയാണ് ടോപ്പ് സ്‌കോറര്‍.

 

Content Highlights: ranji trophy 2018, kerala vs gujarat