കൃഷ്ണഗിരി (വയനാട്): പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന കൃഷ്ണഗിരിയിലെ പിച്ചില്‍ പേസ് ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ കേരളവും ഗുജറാത്തും തമ്മിലുള്ള രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ ദിനം ആവേശകരം. കേരളത്തെ ആദ്യ ഇന്നിങ്‌സില്‍ 185 റണ്‍സിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എന്ന നിലയിലാണ്. 10 റണ്‍സോടെ രുജുള്‍ ഭട്ടും 12 റണ്‍സുമായി ധ്രുവ് റാവലുമാണ് ക്രീസില്‍. സന്ദീപ് വാര്യരും ബേസില്‍ തമ്പിയും കേരളത്തിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അഞ്ചാം ഓവറില്‍ തന്നെ ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ടു റണ്‍സെടുത്ത ഓപ്പണര്‍ പഞ്ചലിനെ സന്ദീപ് വാര്യര്‍ ബൗള്‍ഡാക്കി. മറ്റൊരു ഓപ്പണര്‍ കഥാന്‍ ഡി പട്ടേല്‍ പുറത്താകുമ്പോള്‍ 21 പന്തില്‍ ഒരു റണ്ണായിരുന്നു സമ്പാദ്യം. ആ വിക്കറ്റും സന്ദ്പീ വാര്യര്‍ക്കായിരുന്നു. പിന്നീട് മൂന്നാം വിക്കറ്റില്‍ പാര്‍ഥിവ് പട്ടേലും രാഹുല്‍ ഷായും ഒത്തുചേര്‍ന്നു. കേരളത്തിന് അപകടകരമായ രീതിയിലേക്ക് ഈ കൂട്ടുകെട്ട് മുന്നേറവെ പാര്‍ഥിവ് പട്ടേലിനെ പുറത്താക്കി ബേസില്‍ തമ്പി കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ബേസിലിനെ സിക്‌സും ഫോറുമടിച്ച് മുന്നേറവെ പാര്‍ഥിവിനെ കേരള പേസര്‍ ബൗള്‍ഡാക്കുകയായിരുന്നു. 36 പന്തില്‍ 43 റണ്‍സായിരുന്നു പാര്‍ഥിവിന്റെ സമ്പാദ്യം. പാര്‍ഥിവ് പുറത്താകുമ്പോള്‍ രാഹുല്‍ ഷായുമായി 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. പാര്‍ഥിവിന്റെ വിക്കറ്റിന് പിന്നാലെ രാഹുല്‍ ഷായും പുറത്തായി. 56 പന്തില്‍ 15 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. രാഹുലിനെ ബേസില്‍ തമ്പി വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

നേരത്തെ ഗുജറാത്തിന്റെ പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 185 റണ്‍സിന് അവസാനിച്ചു. കേരളത്തിന്റെ ഒമ്പത് വിക്കറ്റും വീഴ്ത്തിയത് ഗുജറാത്തിന്റെ പേസ് ബൗളര്‍മാരാണ്. 33 പന്തില്‍ 37 റണ്‍സെടുത്ത ബേസില്‍ തമ്പിയാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. പിച്ചില്‍ നിലയുറപ്പിച്ച് കളിക്കാതെ അനാവശ്യ ഷോട്ടിന് ശ്രമിച്ചതും സഞ്ജു വി സാംസണിന്റെ പരിക്കും കേരളത്തിന് തിരിച്ചടിയായി.

 

ranji trophy 2018 quarter final kerala vs gujarat

കളി തുടങ്ങി സ്‌കോര്‍ ബോര്‍ഡില്‍ 29 റണ്‍സെത്തിയപ്പോള്‍ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. 17 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനെ കലാരിയ ബൗള്‍ഡാക്കി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി മികച്ച പ്രകടനം പുറത്തെടുത്ത പി.രാഹുലിന്റേതായിരുന്നു അടുത്ത ഊഴം. 42 പന്തില്‍ 26 റണ്‍സുമായി  രാഹുലിനെ ഗജ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ വണ്‍ഡൗണായി ഇറങ്ങിയ സിജോമോനും ക്രീസ് വിട്ടു. സമ്പാദ്യം എട്ടു റണ്‍സ്. സ്‌കോര്‍ ബോര്‍ഡില്‍ അടുത്ത റണ്‍ ചേര്‍ക്കുമുമ്പ് സച്ചിന്‍ ബേബിയും ഔട്ടായി. അക്കൗണ്ട് തുറക്കും മുമ്പ് കേരള ക്യാപ്റ്റനെ നഗാസ്വെല്ല തിരിച്ചയച്ചു. 

പിന്നീട് സഞ്ജുവും വിനൂപും കേരളത്തിന്റെ ഇന്നിങ്‌സ് മുന്നോട്ടുനയിക്കാന്‍ ശ്രമിച്ചു. 46 റണ്‍സുമായി ഈ കൂട്ടുകെട്ട് മുന്നേറവേ വിനൂപിനെ ഗജ പുറത്താക്കി. 25 റണ്‍സാണ് വിനൂപ് അടിച്ചെടുത്തത്. 34 പന്തില്‍ 17 റണ്‍സെടുത്ത് നില്‍ക്കെ സഞ്ജു സാംസണ്‍ പരിക്കേറ്റ് കളം വിട്ടതോടെ കേരളം കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീണു. 

പിന്നീട് കേരളത്തിന്റെ പ്രതീക്ഷ ജലജ് സക്‌സേനയായിരുന്നു. എന്നാല്‍ 10 പന്തില്‍ 14 റണ്‍സടിച്ച ജലജിനെ നാഗസ്വേല്ല ബൗള്‍ഡാക്കി. കേരളം ആറു വിക്കറ്റിന് 118.

ranji trophy 2018 quarter final, kerala vs gujarat

പിന്നീട് വിഷ്ണു വിനോദും ബേസില്‍ തമ്പിയും കേരളത്തിന്റെ സ്‌കോറിങ് വേഗത കൂട്ടാന്‍ നോക്കി. ഇരുവരും ബൗണ്ടറിയടിച്ച് കളിക്കുന്നതിനിടെ വിഷണുവിനെ കലാരിയ പുറത്താക്കി. 19 റണ്‍സാണ് വിഷ്ണു കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. പിന്നീട് നിധീഷിന്റെ ഊഴമായിരുന്നു. ഗജയുടെ പന്തില്‍ പിയൂഷ് ചൗളക്ക് ക്യാച്ച് നല്‍കി നിധീഷ് ക്രീസ് വിട്ടു. ഗജയെ ഉയര്‍ത്തിയടിച്ച ബേസില്‍ തമ്പി പഞ്ചലിന്റെ കൈയിലൊതുങ്ങിയതോടെ കേരളത്തിന്റെ ഇന്നിങ്‌സിന് കര്‍ട്ടന്‍ വീണു.

ഈ മത്സരത്തില്‍ വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക പോരാട്ടത്തില്‍ ഹിമാചല്‍ പ്രദേശിനെ കീഴടക്കിയാണ് കേരളം തുടര്‍ച്ചയായ രണ്ടാം തവണയും ക്വാര്‍ട്ടറിലെത്തിയത്.

 

 

Content Highlights: ranji trophy 2018 quarter final, kerala vs gujarat