കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അതിന് പിന്നിലെ തന്ത്രങ്ങളുടെ ആശാന്‍ ശ്രീലങ്കയില്‍ ജനിച്ച് ഓസീസിനായി ബാഗി ഗ്രീന്‍ അണിഞ്ഞ താരമാണ്. 'ഇന്ത്യയിലെ ഒന്നാംനിര ക്രിക്കറ്റ് ടീമായി കേരളത്തെ മാറ്റും', കേരള രഞ്ജി ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം കൊച്ചിയില്‍ വെച്ച് ഡേവ് വാട്ട്‌മോര്‍ പറഞ്ഞ വാക്കുകളാണിത്. ഗ്രൂപ്പ് ഘട്ടം കടക്കുക എന്നതു പോലും സ്വപ്‌നമായിരുന്ന ടീമിനെ സെമിയിലെത്തിച്ച് അന്ന് പറഞ്ഞ വാക്കുകളോട് നീതി പുലര്‍ത്തുകയാണ് അദ്ദേഹം.

ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, സിംബാബ്വേ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചതിന്റെ പെരുമയുമായാണ് ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡേവ് വാട്ട്‌മോര്‍ കേരളത്തിലെത്തിയത്. 2009 മുതല്‍ 2012 വരെ ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും പരിശീലിപ്പിച്ചിരുന്നു.

1996-ല്‍ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തതുള്‍പ്പെടെ ഒട്ടേറെ നേട്ടങ്ങളുണ്ട് 23 വര്‍ഷത്തോളം നീണ്ട പരിശീലന ജീവിതത്തില്‍ വാട്ട്‌മോറിന് അവകാശപ്പെടാന്‍. 35 ലക്ഷം രൂപയാണ് വാട്ട്‌മോറിന്റെ പ്രതിഫലമെന്നാണ് സൂചന. 

മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍ സ്ഥാനമൊഴിഞ്ഞ ശേഷമാണ് വാട്ട്‌മോര്‍ കേരള ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. ടിനുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സീസണില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു കെ.സി.എ. പുതിയ പരിശീലികനെ തേടിയത്. ആ ദീര്‍ഘ വീക്ഷണത്തിന് ഇതാ ഇപ്പോള്‍ ഫലം ലഭിച്ചിരിക്കുന്നു.

ഓസ്ട്രേലിയക്കുവേണ്ടി ഏഴ് ടെസ്റ്റുകള്‍ കളിച്ച താരമാണ് വാട്ട്മോര്‍. വാട്ട്മോറിന്റെ നേതൃത്വത്തില്‍ പാകിസ്താന്‍ ഏഷ്യാ കപ്പ് നേടിയിരുന്നു.

കേരളം പോലെയൊരു ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഡേവ് വാട്ട്മോറിനെ കൊണ്ടുവന്നപ്പോള്‍ നെറ്റിചുളിച്ച പലരുമുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായിരുന്നെങ്കിലും ഇന്ത്യയില്‍ ഒരു പ്രാദേശിക ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അദ്ദേഹം എത്തുന്നത് ആദ്യമായിട്ടായിരുന്നു. അതും ഒരു വിദേശ പരിശീലകന്‍. 

വാട്ട്‌മോര്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പുള്ള രണ്ട് സീസണുകളിലും ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനക്കാരായി മടങ്ങാനായിരുന്നു കേരളത്തിന്റെ വിധി. എന്നാല്‍ വാട്ട്‌മോര്‍ വന്നതിനു പിന്നാലെ കളിക്കാരുടെ സമീപനത്തിലടക്കം മാറ്റം വന്നു. തോല്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്ന സംഘത്തില്‍ നിന്ന് പൊരുതി ജയിക്കാന്‍ കെല്‍പ്പുള്ള തലത്തിലേക്ക് കേരള സംഘം മാറി. അതിന്റെ പ്രതിഫലനം ഇപ്പോഴിതാ കാണുന്നു. 

Content Highlights: kerala pace bowlers seals ranji trophy victory, dav whatmore