തിരുവനന്തപുരം: സച്ചിന്‍ ബേബിയും വിഷ്ണും വിനോദും ചേര്‍ന്ന നടത്തിയ രക്ഷാപ്രവര്‍ത്തനം കരയ്‌ക്കെത്തിയില്ല. തുമ്പ സെന്റ് സേവ്യേഴ്‌സ് മൈതാനത്ത് നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ മധ്യപ്രദേശ് കേരളത്തെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചു. 

ഈ രഞ്ജി ട്രോഫി സീസണില്‍ മധ്യപ്രദേശിന്റെ ആദ്യ വിജയമാണിത്. കേരളത്തിന്റെ ആദ്യ തോല്‍വിയും. 

മത്സരത്തിന്റെ അവസാന ദിവസം 191 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മധ്യപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 77 റണ്‍സ് നേടിയ രജത് പട്ടിദാറും 48 റണ്‍സുമായി പുറത്താകാതെ നിന്ന ശുഭം ശര്‍മ്മയുമാണ് മധ്യപ്രദേശിന്റെ വിജയം അനായാസമാക്കിയത്. സ്‌കോര്‍: കേരളം-63 &455, മധ്യ പ്രദേശ്-328, 194/5. 

ആദ്യ ഇന്നിങ്സില്‍ വെറും 63 റണ്‍സിന് പുറത്തായ കേരളം രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ വിഷ്ണു വിനോദിന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും കരുത്തില്‍ തിരിച്ചടിക്കുകയായിരുന്നു. 193 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിഷ്ണുവിന് അര്‍ഹിച്ച ഇരട്ട സെഞ്ചുറിയാണ് നഷ്ടമായത്. രഞ്ജിയിലെ വിഷണു വിനോദിന്റെ കന്നി സെഞ്ചുറിയാണിത്. 

സച്ചിന്‍ ബേബി പുറത്തായശേഷം വിഷ്ണുവിന് മികച്ച പിന്തുണ നല്‍കിയ ബേസില്‍ തമ്പി 57 റണ്‍സ് നേടി. ബേസിലും സന്ദീപ് വാര്യരും അടുത്തടുത്ത പന്തുകളില്‍ പുറത്തായതോടെയാണ് വിഷ്ണുവിന് ഇരട്ട സെഞ്ചുറി നഷ്ടമായത്. സച്ചിന്‍ ബേബി 143 റണ്‍സെടുത്തു. ഇരുവരുടെയും മികവില്‍ രണ്ടാം ഇന്നിങ്സില്‍ കേരളം സ്‌കോര്‍ ചെയ്തത് 455 റണ്‍സ്.

ഏഴാം വിക്കറ്റില്‍ വിഷ്ണു വിനോദ്-സച്ചിന്‍ ബേബി സഖ്യം കൂട്ടിച്ചേര്‍ത്ത 199 റണ്‍സാണ് കേരളത്തെ ഇന്നിങ്സ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. 265 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ കേരളം ഒരു ഘട്ടത്തില്‍ എട്ട് റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു.

കേരളത്തിന്റെ 63 റണ്‍സിനെതിരേ മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യ പ്രദേശ് രജത് പട്ടിദാര്‍ (73), നമാന്‍ ഓജ (79), യാഷ് ഡുബെ (79) എന്നിവരുടെ മികവില്‍ 328 റണ്‍സ് മധ്യപ്രദേശ് അടിച്ചെടുത്തു. ഇതോടെ മധ്യപ്രദേശിന് 265 റണ്‍സിന്റെ ലീഡ് ലഭിച്ചു. ഇത് മത്സരത്തില്‍ നിര്‍ണായകമാകുകയും ചെയ്തു.  രണ്ടിന്നിങ്‌സിലുമായി മധ്യപ്രദേശിനായി ആവേശ് ഖാനും കുല്‍ദീപ് സെന്നും ആറു വിക്കറ്റ് വീതം വീഴ്ത്തി. കേരളത്തിനായി ജലജ് സക്‌സേന അഞ്ച് വിക്കറ്റ് നേടി

നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് കേരളത്തിന്റെ സമ്പാദ്യം. കഴിഞ്ഞ മത്സരങ്ങളില്‍ ബംഗാളിനേയും ആന്ധ്രാ പ്രദേശിനേയും കേരളം തോല്‍പ്പിച്ചിരുന്നു. ഹൈദരാബാദിനെതിരെ സമനില നേടുകയും ചെയ്തു. 

Content Highlights: Ranji Trophy 2018 Cricket Kerala vs Madhya Pradesh