കൊല്‍ക്കത്ത: 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗാള്‍ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍. സെമിയില്‍ കര്‍ണാടകയെ 174 റണ്‍സിന് തോല്‍പ്പിച്ചാണ് മുന്നേറ്റം. സ്‌കോര്‍: ബംഗാള്‍ 312, 161; കര്‍ണാടക 122, 177.

നാലാം ദിനം മൂന്നിന് 98 റണ്‍സെന്ന നിലയിലായിരുന്നു കര്‍ണാടക ബാറ്റിങ് തുടങ്ങിയത്. എന്നാല്‍ മുകേഷ് കുമാറിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നില്‍ കര്‍ണാടക ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ആറ് വിക്കറ്റാണ് മുകേഷ് എറിഞ്ഞിട്ടത്. ഇഷന്‍ പോരല്‍, ആകാശ്ദീപ് എന്നിവര്‍ രണ്ടുവീതം വിക്കറ്റെടുത്തു. 66 റണ്‍സെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലാണ് കര്‍ണാടകയുടെ ടോപ്‌സ്‌കോറര്‍.

2007-ലായിരുന്നു ബംഗാളിന്റെ അവസാന ഫൈനല്‍. അന്ന് മുംബൈയോട് 132 റണ്‍സിന് തോറ്റു. 1990-ലാണ് ബംഗാള്‍ അവസാനമായി രഞ്ജിയില്‍ കിരീടം ചൂടിയത്. സൗരവ് ഗാംഗുലിയുടെ അരങ്ങേറ്റ സീസണ്‍ കൂടിയായിരുന്നു അത്. സൗരാഷ്ട്ര- ഗുജറാത്ത് മത്സരത്തിലെ വിജയികളാണ് ബംഗാളിന് ഫൈനലില്‍ എതിരാളി.

Content Highlights: Ranji: Bengal into finals