ഗോള്‍: വിരമിക്കല്‍ ടെസ്റ്റില്‍ ചരിത്രമെഴുതി ശ്രീലങ്കന്‍ താരം രംഗണ ഹെറാത്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു വേദിയില്‍ നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ബൗളറെന്ന റെക്കോഡാണ് ഹെറാത്ത് സ്വന്തം പേരില്‍ കുറിച്ചത്. ഇംഗ്ലണ്ടിനെതിരെ ഗോളില്‍ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് ഹെറാത്തിന്റെ സെഞ്ചുറി വിക്കറ്റ് നേട്ടം. ഇംഗ്ലണ്ട് നായകന് ജോ റൂട്ടിനെ പുറത്താക്കികൊണ്ടായിരുന്നു ഹെറാത്ത് പുതിയ റെക്കോര്‍ഡ് കുറിച്ചത്.
ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്, ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്ഡേഴ്സണ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. മുത്തയ്യ മുരളീധരന് മൂന്ന് വ്യത്യസ്ത സ്റ്റേഡിയങ്ങളില്‍ 100 വിക്കറ്റ് നേടിയിട്ടുണ്ട്. ഗോള്‍, കാന്‍ഡി, കൊളംബോ എന്നീ വേദികളിലാണ് മുരളീധരന് സെഞ്ചുറി വിക്കറ്റ് പൂര്‍ത്തിയാക്കിയത്. ലോര്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആന്‍ഡേഴ്സണ്‍ന്റെ നേട്ടം.
കരിയറിലെ 93-ാം ടെസ്റ്റിന്റെ 17-ാം ഓവറില്‍ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഹെറാത്തിന്റെ നേട്ടം. ക്രീസില്‍ നിന്നിറങ്ങി ഹെറാത്തിറെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച റൂട്ടിന് പന്തിന്റെ ലെങ്ത് മനസിലാക്കുന്നത് പിഴച്ചതോടെ കുറ്റി തെറിക്കുകയായിരുന്നു.
ടെസ്റ്റില്‍ ഹെറാത്തിന്റെ 431-ാം ഇരയാണ് ജോ റൂട്ട്. 133 ടെസ്റ്റുകളില്‍നിന്ന് 800 വിക്കറ്റ് പൂര്‍ത്തിയാക്കിയ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമത്. 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകള്‍ നേടിയ ഓസീസ് താരം ഷെയ്ന് വോണ്‍ രണ്ടാമതും 132 ടെസ്റ്റുകളില്‍നിന്ന് 619 വിക്കറ്റുകളുമായി ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ മൂന്നാം സ്ഥാനത്തുമാണ്.
ഇംഗ്ലണ്ടിനെതിരായ ഈ ടെസ്റ്റോടെ നാല്പതുകാരനായ ലങ്കന്‍ സ്പിന്നര്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയും. 19 വര്‍ഷം മുന്‍പ് ഇതേവേദിയിലാണ് ഹെറാത്ത് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.
Content Highlights: Rangana Herath joins history books in farewell Test at Galle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..