കിങ്സ്റ്റൺ: ക്രിസ് ഗെയ്ലിന്റെ ആരോപണങ്ങൾക്കെല്ലാം മറുപടിയുമായി വെസ്റ്റിൻഡീസിന്റെ മുൻ ക്യാപ്റ്റനും കരിബീയൻ പ്രീമിയർ ലീഗ് ടീം ജമൈക്ക തല്ലവാഹ്സിന്റെ സഹപരിശീലകനുമായ രാംനരേഷ് സർവൻ. തല്ലവാഹ്സിൽ നിന്ന് കരാർ പൂർത്തിയാകും മുമ്പ് പുറത്താകാൻ കാരണം സർവനാണെന്നും കൊറോണയേക്കാൾ വിഷമുള്ള വ്യക്തിയാണ് സർവനെന്നും ഗെയ്ൽ തുറന്നടിച്ചിരുന്നു.

ഗെയ്ൽ ഉന്നയിച്ച ആരോപങ്ങളിൽ യാതൊരു വാസ്തവവുമില്ല. തല്ലവാഹ്സിൽ നിന്ന് ഗെയ്ലിനെ പുറത്താക്കാൻ ഞാൻ ചരടുവലിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എപ്പോഴും അടുത്ത സുഹൃത്തായി മാത്രമേ ഗെയ്ലിനെ കണ്ടിട്ടുള്ളു. സർവൻ വ്യക്തമാക്കുന്നു. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് സർവൻ ഗെയ്ലിന് മറുപടി നൽകിയത്.

'ഇപ്പോൾ ഈ പ്രതികരണം നടത്തുന്നത് ഞാനുൾപ്പെടെയുള്ള വ്യക്തികളെകുറിച്ച് പൊതുജനത്തിന് ഉണ്ടായേക്കാവുന്ന സംശയങ്ങൾ ദുരീകരിക്കാൻ വേണ്ടിയാണ്. അതല്ലാതെ ഗെയ്ലിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടല്ല. എന്റെ രാജ്യാന്തര കരിയറിന്റെ തുടക്കം മുതൽ ഗെയ്ലിനൊപ്പം കളിച്ചിട്ടുള്ള താരമാണ് ഞാൻ. പ്രതിഭയുള്ള സഹതാരമെന്ന നിലയിലും അടുത്ത സുഹൃത്തെന്ന നിലയിലും അദ്ദേഹത്തോട് എപ്പോഴു ആദരവ് പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. അതുകൊണ്ട് ഇപ്പോഴത്തെ ആരോപണങ്ങൾ എന്നെ ഞെട്ടിച്ചുകളഞ്ഞു.' സർവൻ എഫ്ബി പോസ്റ്റിൽ പറയുന്നു.

സർവൻ വിഷപ്പാമ്പാണെന്നും പിന്നിൽ നിന്ന് കുത്തുന്നവനാണെന്നും ഗെയ്ൽ ആരോപിച്ചിരുന്നു. ഈ സ്വഭാവം മാറ്റാൻ ഉദ്ദേശമുണ്ടോ എന്നും ഗെയ്ൽ ചോദിച്ചിരുന്നു. 2013 മുതൽ 2016 വരെ തല്ലവാഹ്സിന്റെ താരമായിരുന്ന ഗെയ്ൽ ഇടക്കാലത്ത് മറ്റു ടീമുകളിലേക്ക് പോയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ തല്ലവാഹ്സിനൊപ്പം ചേർന്നു. പക്ഷേ അവർ ഗെയ്ലിനെ പുറത്താക്കി. ഇതോടെ താരം സെന്റ് ലൂസിയ ടീമിലേക്ക് മാറുകയും ചെയ്തു.

Content Highlights: Ramnaresh Sarwan, allegations made by Chris Gayle