ലാഹോർ: ഇന്ത്യയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയെ അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സിയോട് ഉപമിച്ച് മുൻ പാക് താരം റമീസ് രാജ. ഐസിസിയുടെ പ്രധാന കിരീടങ്ങളൊന്നും നേടാനാകാത്ത കോലി മെസ്സിയെപ്പോലെയാണെന്നും മെസ്സിക്കും ദേശീയ ജഴ്സിയിൽ കിരീടങ്ങളൊന്നും നേടാൻ കഴിഞ്ഞിട്ടില്ലെന്നും റമീസ് രാജ പറയുന്നു.

'സ്ഥിരതയാർന്ന പ്രകടനം എന്നതിനേക്കാൾ ഫൈനലുകളിൽ നിർണായകമാകുന്നത് ഓരോ താരത്തിന്റേയും മനോഭാവമാണ്. നിർണായക നിമിഷങ്ങളിൽ ആധിപത്യം കാണിക്കാനും ആത്മസംയമനം പാലിക്കാനും കഴിയുന്നതാണ് ഒരു താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. നിങ്ങൾ വിവ് റിച്ചാർഡ്സിനെ നോക്കൂ, നിർണായക നിമിഷങ്ങളിൽ മികവ് പുറത്തെടുക്കുന്നതാണ് അദ്ദേഹത്തിന്റെ കഴിവ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കോലിക്ക് മുന്നിലെ വലിയ അവസരമാണ്.

ഇതിഹാസ താരങ്ങൾക്കൊപ്പം കോലിയുടെ പേരുണ്ടെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയാൽ മറ്റൊരു പൊൻതൂവൽ കൂടി കോലിക്ക് സ്വന്തമാകും. എക്കാലത്തേയും മികച്ച താരം എന്ന നിലയിലേക്ക് ഉയരാനുള്ള അവസരമാണിത്. അതിനുള്ള കഴിവ് കോലിക്കുണ്ട്. സാഹചര്യത്തിന് അനുസരിച്ച് ആ കഴിവ് പ്രയോജനപ്പെടുത്തിയാൽ മതി.

ലയണൽ മെസ്സിയെപ്പോലുള്ള ഇതിഹാസ താരങ്ങൾക്കും ഇതുവരെ ലോകകപ്പ് പോലുള്ള മത്സരങ്ങളിൽ കിരീടത്തിലേക്ക് എത്താനായിട്ടില്ല. അതുപോലെയുള്ള മത്സരങ്ങളിൽ മികവ് തെളിയിക്കുമ്പോഴാണ് ഒരു കളിക്കാരന്റെ മനോധൈര്യം തെളിയിക്കപ്പെടുന്നത്.' റമീസ് രാജ വ്യക്തമാക്കുന്നു.

Content Highlights: Ramiz Raja on Virat Kohlis ICC title drought Lionel Messi