ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നല്കി രമേശ് പൊവാര്‍.
വനിതാ ടീം താല്‍ക്കാലിക പരിശീലകനായിരുന്ന പൊവാറിന്റെ കരാര്‍ കഴിഞ്ഞ മാസം അവസാനിച്ച ഒഴിവിലാണ്
പകരക്കാരനെ കണ്ടെത്താന്‍ ബി.സി.സി.ഐ അപേക്ഷകള്‍ ക്ഷണിച്ചത്. പൊവാറും മിതാലി രാജും തമ്മിലുള്ള പ്രശ്നങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ചതിനു പിന്നാലെ അവസാനിച്ച പൊവാറിന്റെ കരാര്‍ ബി.സി.സി.ഐ പുതുക്കിയിരുന്നില്ല.
വനിതാ ട്വന്റി 20 ലോകകപ്പ് സെമിയില്‍ മിതാലിയെ പുറത്തിരുത്തിയതുമായി ബന്ധപ്പെട്ട സംഭവമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇരുവരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ വീണ്ടും പരിശീലക സ്ഥാനത്തേക്കു വരാന്‍ താല്‍പ്പര്യമുണ്ടെന്നു ചൂണ്ടിക്കാട്ടി പൊവാര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും പൊവാര്‍ വെളിപ്പെടുത്തി. അവരെ നിരാശരാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകീട്ട് വീണ്ടും അപേക്ഷിച്ചത്, പൊവാര്‍ വ്യക്തമാക്കി.
പൊവാറിന്റെ അപേക്ഷ വന്നതോടെ വെട്ടിലായത് ബി.സി.സി.ഐ ആണ്. നിലവിലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ താല്‍പ്പര്യം പരിഗണിക്കണോ, മികച്ച വനിത താരമായ മിതാലിക്കൊപ്പം നില്‍ക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ബി.സി.സി.ഐ അധികൃതര്‍.
കോച്ചിനെ കണ്ടെത്താന്‍ മൂന്നംഗ സമിതി
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ കണ്ടെത്താന്‍ ബി.സി.സി.ഐ മൂന്നംഗ സമിതിയെ നിയമിച്ചു. ഇതിഹാസതാരം കപില്‍ ദേവ്, മുന്‍ താരങ്ങളായ അന്‍ഷുമാന്‍ ഗെയ്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സമിതി അംഗങ്ങള്‍. 14-ാം തീയതി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
അപേക്ഷകരുമായി സമിതി അംഗങ്ങള്‍ ഈ മാസം 20-ന് മുംബൈയില്‍ അഭിമുഖം നടത്തും. കഴിഞ്ഞമാസം കരാര്‍ അവസാനിച്ച രമേഷ് പൊവാര്‍, കേരള കോച്ച് ഡേവ് വാട്ട്മോര്, ഹെര്‍ഷല്‍ ഗിബ്സ്, ഒവൈസ് ഷാ, മനോജ് പ്രഭാകര്‍ തുടങ്ങിയവര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
Content Highlights: ramesh powar throws hat in ring again to be womens coach